നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പാലക്കാട് ജില്ലാതല മെഗാ ക്വിസ്: വി എസ് ശ്രീജിത് വിജയി

google news
sss

പാലക്കാട് : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ജൈവവൈവിധ്യ ക്വിസ് മത്സരത്തിൽ പാലക്കാട് ബ്ലോക്കിലെ പറളി എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി വി. എസ്. ശ്രീജിത് ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ. അജ്സലിനാണ് രണ്ടാം സ്ഥാനം. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കുട്ടണശ്ശേരി എ.യു.പി.എസ്. ഏഴാം ക്ലാസ് വിദ്യാർഥി കെ.പി അനന്ത് കൃഷ്ണ മൂന്നാം സ്ഥാനവും മലമ്പുഴ ബ്ലോക്കിലെ പി.എം.ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയുഷ് രാജ് നാലാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ, നവ കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. സെയ്തലവി എന്നിവർ സംസാരിച്ചു. നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഭാരവാഹി ലത ആനോത്ത് ക്വിസ് മാസ്റ്ററായി.

ബ്ലോക്ക്തല ക്വിസ് മത്സര വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. 13 ബ്ലോക്കുകളെ പ്രതിനിധീകരിച്ച് 45 പേർ പങ്കെടുത്തു. വിജയികള്‍ക്ക് മൂന്നാറില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Tags