പാലക്കാട് 10 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

arrest
arrest

പാലക്കാട്: ബൈക്കില്‍ കടത്തിക്കൊണ്ട് വരുകയായിരുന്ന 10.275 കിലോഗ്രാം കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ ചാത്തങ്ങാട്ടുപുരം ചെറുകോട് പണ്ടാരപ്പെട്ടി വീട്ടില്‍ അബ്ദുള്‍ നാഫി (36), ആറുതൊടിക വീട്ടില്‍ ഹനീഫ (51) എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് പോലീസും സംയുക്തമായി കുന്തിപ്പുഴ ബൈപാസില്‍ പെരിഞ്ചോളത്ത് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

മഞ്ചേരിയില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. 

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അജാസുദ്ധീന്റെ നേതൃത്വത്തിലുള്ള മണ്ണാര്‍ക്കാട് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളെയും പിടികൂടിയത്.