ചരിത്രമെഴുതി കുടുംബശ്രീ സ്വരം 2K24 പാട്ടുത്സവം സമാപിച്ചു ​​​​​​​

sdgt

പാലക്കാട് : രജതജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച തിരികെ സ്‌കൂള്‍ ക്യാമ്പയിനിന്റെ സമാപനോത്സവം നടത്തി. പാലക്കാട് ജോബീസ് മാളിലെ ഡയമണ്ട് ഹാളില്‍ നടത്തിയ സ്വരം 2K24 പാട്ടുത്സവത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി മലയാളം ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് പുതിയ ചരിത്രമെഴുതി. 1433 വനിതകള്‍ 11 മണിക്കൂര്‍ 25 മിനിറ്റാണ് നിര്‍ത്താതെ പാട്ടുപാടിയത്. ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 97 സി.ഡി.എസുകളിലെയും കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പുകളും എസ്.വി.ഇ.പി അംഗങ്ങളും ബാലസഭ കുട്ടികളും കുടുംബശ്രീ മിഷന്‍ ജീവനക്കാരും പാട്ടുത്സവത്തില്‍ പങ്കാളികളായി.

200-ഓളം സംഘങ്ങള്‍ തുടര്‍ച്ചയായി പാട്ടുപാടി ലോക റെക്കോര്‍ഡ് നേട്ടത്തിലേക്കാണ് നടന്നു കയറിയത്. ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റയും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റയും രണ്ട് ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയാണ് പാട്ടുത്സവം സ്വരം 2K24 നടത്തിയത്. ഏറ്റവും കൂടുതല്‍ വനിതകള്‍ 10 മണിക്കൂറിലധികം തുടര്‍ച്ചയായി മലയാള ഗാനങ്ങള്‍ ആലപിച്ചതിന് ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ അവാര്‍ഡ്, ഏറ്റവും കൂടുതല്‍ വനിതകള്‍ തുടര്‍ച്ചയായി പരമ്പരാഗത പാട്ടുകള്‍ പാടിയതിന് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം അവാര്‍ഡ് എന്നീ ഇനങ്ങളിലാണ് ലോക റെക്കോര്‍ഡ് നേട്ടം. സമാപന സമ്മേളനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷനായി.

ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ഗിന്നസ് സത്താര്‍ 'പാട്ടുത്സവം സ്വരം 2K24' ന്റെ അവാര്‍ഡ് പ്രഖ്യാപനം നടത്തി. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മുന്‍ ഓഫീസര്‍ രതീഷ് പിലിക്കോട്, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീത്ത, കണ്ണാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന കുമാരി, പാലക്കാട് ലീഡ് ബാങ്ക് മാനേജര്‍ ആര്‍.പി ശ്രീനാഥ്, മറ്റ് ജൂറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags