ഭിന്നശേഷിക്കാരുടെ കുടുംബശ്രീ സംരംഭം: പ്രതീക്ഷ സ്‌നേഹിത മാര്‍ക്കറ്റിങ് കിയോസ്‌ക് ആരംഭിച്ചു

jgfc
jgfc

പാലക്കാട് :  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ ഭിന്നശേഷിക്കാരുടെ കുടുംബശ്രീ സംരംഭമായ പ്രതീക്ഷ സ്‌നേഹിത  മാര്‍ക്കറ്റിങ് കിയോസ്‌ക് കൂറ്റനാട് ആരംഭിച്ചു. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് കിയോസ്‌ക് ആരംഭിച്ചത്.

 തൃത്താല ബ്ലോക്കിലെ കുടുംബശ്രീ സംരംഭകരുടെയും ഭിന്നശേഷിക്കാരുടെയും ഉത്പ്പന്നങ്ങള്‍ കിയോസ്‌കില്‍ വില്‍പന നടത്തും. ഫിനോയില്‍, ഡിഷ്‌വാഷ്, ഹാന്‍ഡ് വാഷ്, കുട തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്.

കൂറ്റനാട് നടന്ന പ്രതീക്ഷ സ്‌നേഹിത മാര്‍ക്കറ്റിങ് കിയോസ്‌ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് പദ്ധതി വിശദീകരണം നടത്തി. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ചാലിശ്ശേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍, സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം അംഗം ശില്‍ജ, തൃതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags