കനസ് ജാഗ സഹവാസ ക്യാമ്പിന് തുടക്കമായി

google news
ssss

പാലക്കാട് : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കനസ് ജാഗ സഹവാസ ക്യാമ്പിന് അട്ടപ്പാടിയില്‍ തുടക്കമായി. കുടുംബശ്രീ സ്‌പെഷ്യല്‍ പ്രൊജക്ടിന്റെ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ മേഖലയിലെ കുട്ടികളെ വ്യത്യസ്ത മേഖലയില്‍ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കനസ് ജാഗ. അവര്‍ ജീവിക്കുന്ന ഇടം, കാലാവസ്ഥ,  സാമൂഹിക പ്രശ്‌നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികളുടെ വികസന കാഴ്ചപ്പാടുകള്‍ തുടങ്ങിയവയെല്ലാം സ്വയം തിരിച്ചറിയുക, പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് പരിശീലന ക്യാമ്പിന്റെ ലക്ഷ്യം.

ആദ്യ പത്ത് ബാച്ചുകളുടെ പരിശീലനം മെയ് 30ന് പൂര്‍ത്തിയായി. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നായി 210 കുട്ടികളാണ് ആദ്യ ഘട്ടത്തില്‍ പത്ത് ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്. അട്ടപ്പാടിയില്‍ 30 ബാച്ചുകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍  തയ്യാറാക്കുന്ന ഹസ്വചിത്രങ്ങള്‍, കഥകള്‍ തുടങ്ങിയവ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കും.അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് സാമൂഹ്യ വികസനം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്‍ പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് സമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags