ഭിന്നശേഷി വയോജന കേന്ദ്രം അന്തേവാസികള്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്

google news
dsh

പാലക്കാട് : ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂര്‍ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായാണ് പുതുനഗരം ജനമൈത്രി പോലീസ് മലമ്പുഴയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചത്. വയോജന കേന്ദ്രത്തിലെ 24 അന്തേവാസികളും മേല്‍നോട്ടത്തിനും പരിപാലത്തിനുമായി നേഴ്‌സുമാരും ആയമാരും ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാരുമാണ് യാത്രയില്‍ പങ്കെടുത്തത്. പോലീസ് ബസിലായിരുന്നു യാത്ര. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ ഏഴരയോടെയാണ് യാത്ര തുടങ്ങിയത്. ഉച്ചക്കുള്ള ഭക്ഷണമെല്ലാം ജനമൈത്രി പോലീസിന്റെ വകയായിരുന്നു.


മലമ്പുഴ ഡാം, ഉദ്യാനം, പരിസരപ്രദേശങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം സന്ദര്‍ശിച്ചു. അന്തേവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഇത്തരമൊരു യാത്ര എന്ന് അധികൃതര്‍ പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിച്ചതോടെയാണ് അവരുടെ ആഗ്രഹം സഫലമായത്. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യാനത്തിലെത്തി വിനോദയാത്രാ സംഘത്തോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാവര്‍ക്കും ക്രിസ്മസ്-പുതുവത്സരാശംസകളും നേര്‍ന്നു. കല്ലടിക്കോട്ടുള്ള ആകാശപറവകളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിനോദയാത്രയുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തില്‍ വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. അറുപതിനു മുകളില്‍ പ്രായമുള്ള, ബന്ധുക്കള്‍ ഉപേക്ഷിച്ചവരും വിവിധ കാരണങ്ങളാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്തവരുമാണ് വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍.


അന്തേവാസികള്‍ക്കൊപ്പം വയോജന കേന്ദ്രം സൂപ്രണ്ട് കെ.വി ബിന്ദു, ഡോ. നസ്റിന്‍, നേഴ്സ് വി. ഷീന, സി. ശശികല, ഇ. മധുരമീനാക്ഷി, ആയമാരായ കെ.കെ നസീമ, ബി. രമ, ജനമൈത്രി പോലീസ് സ്റ്റേഷന്‍ സബ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. അറുമുഖന്‍, എ.എസ്.ഐ ഷീബ ലോബിന്‍, കല്ലടിക്കോട്, ജില്ലാ ഹെഡ്ക്വട്ടേഴ്സ്, പുതുനഗരം, വനിതാ സെല്‍, വിമന്‍ സെല്‍, പട്ടാമ്പി എന്നിവിടങ്ങളിലെ സി.പി.ഒമാരായ പി. സാബു, യു. ഷൈജിത്ത്, എസ്. സന്തോഷ്, കെ. പ്രമീള,  എം. മായ, പി.എസ് ഗായത്രി, കല്ലടിക്കോട്, ടൗണ്‍ നോര്‍ത്ത്, സൗത്ത്, പുതുനഗരം എന്നിവിടങ്ങളിലെ എസ്.സി.പി.ഒമാരായ സി. ഗീത, കെ. സുധീഷ്, എസ്. വിനോദ് കുമാര്‍, എം. മുരളിദാസ്, നര്‍ക്കോട്ടിക് സെല്ലില്‍ നിന്നും നവാസ് ഷെറീഫ് എന്നിവര്‍ വിനോദയാത്രയില്‍ പങ്കെടുത്തു.

Tags