പന്നിയങ്കരയിലെ അനധികൃത പാര്‍ക്കിങ്; നടപടി തുടങ്ങി
തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ കേന്ദ്രത്തിന് സമീപമുള്ള അനധികൃത പാര്‍ക്കിങ് തടയുന്നതിനായി വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും നടപടി തുടങ്ങി. ദേശീയപാതയിലെ ഇടതു ട്രാക്കില്‍ വരിവരിയായി വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടഭീഷണി ഉയര്‍ത്തിയിരുന്നു.
അടുത്തിടെ പന്നിയങ്കരയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരനായ തേങ്കുറുശി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ മരിച്ചിരുന്നു. ഇടത്തേ ട്രാക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിരുന്നതിനാല്‍ രണ്ടാമത്തെ ട്രാക്കിലേക്കു കടന്ന സ്‌കൂട്ടറില്‍ പിന്നില്‍വന്ന ലോറി ഇടിക്കുകയായിരുന്നു. ഇവിടെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി മൂന്നു അപകടങ്ങളും രണ്ടു മരണവും സംഭവിച്ചു.
ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി വാര്‍ത്തകൾ വന്നിരുന്നു. അനധികൃത പാര്‍ക്കിങ് തടയുന്നതിനായി വടക്കഞ്ചേരി എസ്.ഐ. ജീഷ്‌മോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മുപ്പതോളം വാഹന ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കി.
ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് തുടര്‍ന്നാല്‍ പിഴചുമത്തുന്ന നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു. ഹൈവേ പോലീസ്, ലൈന്‍ ട്രാഫിക് പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവര്‍ ഇടയ്ക്കിടെ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസിന്റെ നിര്‍ദേശപ്രകാരം പന്നിയങ്കര ടോള്‍കമ്പനി അധികൃതര്‍ നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ചു. അതേസമയം, വടക്കഞ്ചേരി തങ്കം ജങ്ഷനുസമീപം സര്‍വീസ് റോഡില്‍ വാഹനം നിര്‍ത്തിയിടുന്നത് തുടരുകയാണ്.