ഭാര്യയെ കൊലപെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

court
court

മദ്യപിച്ചെത്തിയ രങ്കസ്വാമി ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും പ്രതി മുതിര്‍ന്നില്ല.

പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷം അധിക കഠിനതടവും അനുഭവിക്കണം. ഷോളയൂര്‍ പഞ്ചായത്തിലെ തേക്കുമുക്കി ഉന്നതിയിലെ വള്ളി (40) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമി (64)യെ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.

2014 ഒകേ്ടാബര്‍ എട്ടിനാണ് വള്ളി കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ രങ്കസ്വാമി ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും പ്രതി മുതിര്‍ന്നില്ല. രാത്രിയില്‍ മദ്യപിച്ചെത്തിയ വള്ളി മരച്ചുവട്ടില്‍ വീണുകിടക്കുകയായിരുന്നുവെന്നും ഇതുകണ്ട് ദേഷ്യംവന്നപ്പോള്‍ വീടിനകത്തെത്തിച്ച് വടിയെടുത്ത് രണ്ടുതവണ അടിച്ചെന്നുമാണ് രങ്കസ്വാമി സമീപവാസികളോട് പറഞ്ഞത്. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ രങ്കസ്വാമി അറസ്റ്റിലായി. അഗളി സി.ഐ. കെ.സി. വിനുവാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് സി.ഐ. പി.എം. മനോജും അന്വേഷിച്ചു. അഗളി ഡിവൈ.എസ്.പിയായിരുന്ന കെ.എം. ദേവസ്യയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുഭാഷിണി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Tags