തമിഴ്‌നാട്ടില്‍ ഭൂമി വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്

Huge financial fraud by offering land in Tamil Nadu
Huge financial fraud by offering land in Tamil Nadu

പാലക്കാട്: തമിഴ്‌നാട് മധുരയില്‍ ഭൂമി വാഗ്ദാനം ചെയ്ത് ആലത്തൂര്‍ താലൂക്ക് കേന്ദ്രമാക്കി വന്‍ സാമ്പത്തിക തട്ടിപ്പ്. നിരവധി ആളുകളില്‍ നിന്ന് 24 കോടിയോളം രൂപ നഷ്ടപ്പെട്ടതായി പരാതി. ആലത്തൂര്‍ സ്വദേശി രാമദാസാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ആലത്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിവിധ പ്രൈവറ്റ് പ്രോപര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ബിസിനസിലേക്ക് പണം ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് കമ്പനികള്‍ വാങ്ങിയ ഏക്കര്‍ കണക്കിന് സ്ഥലത്ത് സ്‌ക്വയര്‍ ഫീറ്റ് കണക്കില്‍ പണം ഇന്‍വെസ്റ്റ് ചെയ്തതിനു അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്നും, സ്ഥലം ആവശ്യമില്ലെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്ത തുകയുടെ ഇരട്ടിയിലധികം തുക മൂന്ന്, നാല്, ആറ് വര്‍ഷ കാലാവധിയില്‍ തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം.

2015 മുതല്‍ 2023 ആഗസ്റ്റ് വരെ ഈ ബിസിനസിന്റെ കേരളത്തിലെ ടീം ഹെഡ് തസ്തിക വഹിക്കുന്നവര്‍ പണം നിക്ഷേപം ചെയ്യിപ്പിച്ചതായാണ് പരാതി. കൂടാതെ സബ്ബ് ഹെഡ് എന്ന തസ്തികയില്‍ കമ്മീഷന്‍ ഏജന്റ്മാരായി പതിനാറോളംപേരെ ഉപയോഗിച്ച് കമ്മീഷന്‍ നല്‍കി ആളുകള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് ഇരുനൂറ്റിഅമ്പതോളം ആളുകളില്‍ നിന്നും വാങ്ങിയ പണത്തിന് ശരിയായ രേഖകള്‍ നല്‍കാതെയും തട്ടിച്ചു. കാലാവധി കഴിഞ്ഞിട്ടും സ്ഥലം രജിസ്റ്റര്‍ ചെയ്ത് കൊടുത്തില്ലെന്നാണ് പരാതി. ആലത്തുര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags