ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറില്‍ കടത്തിയ 2.975 കോടിയുമായി രണ്ടുപേര്‍ പിടിയില്‍

black money
black money

പാലക്കാട്: ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. പിടിച്ചെടുത്തത് 2 കോടി 97 ലക്ഷത്തിയൻപതിനായിരം രൂപ. ചിറ്റൂര്‍ ആശുപത്രി ജങ്ഷനില്‍ വെച്ചാണ് കുഴല്‍പ്പണം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.50ന് കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്.

കാറിലുണ്ടായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പരിയപുരം പൂക്കോട്ടില്‍ വീട്ടില്‍ ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ അബ്ദുള്ള (42) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സമീപകാലത്തു നടന്ന ഏറ്റവും വലിയ കുഴല്‍പ്പണവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചിറ്റൂര്‍ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. 

മലപ്പുറത്ത് എത്തിക്കുന്നതിനായി ഹുണ്ടായി ക്രെറ്റ കാറിനുള്ളില്‍ സീറ്റിനടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് 500, 200, 100 ന്റെ നോട്ടുകെട്ടുകള്‍ പ്രതികള്‍ ഒളിപ്പിച്ചു വച്ചിരുന്നത്. അടുത്ത കാലത്തായി കിഴക്കന്‍ മേഖല വഴി സജീവമായി കുഴല്‍പ്പണം കടത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

വാളയാര്‍ വഴി പരിശോധന കര്‍ശനമാക്കിയതാണ് ഇത്തരം സംഘങ്ങള്‍ ഗോപാലപുരം, നടുപ്പുണി, വേലന്താവളം വഴി തെരഞ്ഞെടുക്കുവാന്‍ കാരണം. പ്രതികള്‍ക്കെതിരെ മലപ്പുറത്ത് നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം. 

കേരളത്തിലേക്ക്  ഹവാല പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികള്‍. പ്രതികളുള്‍പ്പെടുന്ന ഹവാല  സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. കേരളാ തമിഴ്‌നാട് അതിര്‍ത്തി വഴി നടക്കുന്ന അനധികൃത ഹവാലപ്പണം കടത്തും, ലഹരി കടത്തും തടയാന്‍ കര്‍ശന പരിശോധനയാണ് പാലക്കാട് ജില്ലയില്‍ പോലീസ് നടത്തി വരുന്നത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, പാലക്കാട് എ.എസ്.പി അശ്വതി ജിജി, ചിറ്റൂര്‍  ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ആര്‍. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു, ചിറ്റൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു, എ.എസ്.ഐ കെ. സതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. ജാഫര്‍ സാദിഖ്, സിവില്‍ പോലീസ് ഓഫീസര്‍ സി. ശബരി, കസബ സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഹര്‍ഷാദ്, കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. റഹിംമുത്തു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍. വിനീഷ്, ജെബിന്‍ ഷാ, മുഹമ്മദ് ഷനോസ്, മൈഷാദ്, ഷെമീര്‍, സൂരജ് ബാബു, ദിലീപ്, ജയന്‍, അബ്ദുള്ള, ഉമ്മര്‍ ഫാറൂഖ്, റിയാസുദ്ധീന്‍, ദേവദാസ്, വിപില്‍ ദാസ്, രമേഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തി അനധികൃതമായി കടത്തിയ പണവും, വാഹനവും പിടികൂടിയത്.

കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ മജിസ്‌ട്രേട്ട് ലീവ് ആയതിനാല്‍ ചാര്‍ജുള്ള പാലക്കാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.

Tags