വിദ്യാകിരണം: പാലക്കാട് ജില്ലയില്‍ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി

google news
dfh

പാലക്കാട്  : വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കിഫ്ബി ഫണ്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി. 14 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിച്ചു.

 31 കെട്ടിടങ്ങള്‍ ടെന്‍ഡര്‍ നടപടികളിലാണ്. ഇതില്‍ അഞ്ചു കോടിയില്‍ 12 സ്‌കൂള്‍ കെട്ടിടങ്ങളുടെയും മൂന്നു കോടിയില്‍ 10 കെട്ടിടങ്ങളുടെയും ഒരു കോടിയില്‍ 22 കെട്ടിടങ്ങളുടെയും നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഇതിനുപുറമേ പി.ഡബ്ല്യു.ഡി. പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
പി.ഡബ്ല്യു.ഡി നിര്‍മാണം നടത്തുന്ന നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചു. ആറ് സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

 20 എണ്ണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ഉദ്ഘാടനം കഴിഞ്ഞാല്‍ പിറ്റേദിവസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags