നെന്മാറ അയിലൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന വിളയാട്ടം; പ്രദേശവാസികള്‍ ഭീതിയില്‍
പാലക്കാട്: നെന്മാറ അയിലൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന നാശം വരുത്തുന്നത് വ്യാപകമായി. അടുത്തടുത്ത് വീടുകള്‍ ഉള്ള മരുതഞ്ചേരി കോപ്പം കുളമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുവളപ്പുകളിലാണ് കഴിഞ്ഞ രാത്രിയില്‍ മോഴയാന ( കൊമ്പുവളര്‍ച്ചയില്ലാത്ത ഒറ്റയാന്‍) പ്രദേശവാസികളെ ഭീതിയിലാക്കിയത്. എം. മോഹന്‍ദാസ്, കെ. വത്സലന്‍, കെ. മോഹനന്‍, കൃഷ്ണന്‍ കോഴിക്കോട്, എല്‍ദോസ് മടത്തുംപാറ, സുമതി കൃഷ്ണന്‍കുട്ടി, കെ. ചെന്താമരാക്ഷന്‍, ജോര്‍ജ് വീപ്പ നാടന്‍, ജോയി ഓണായിക്കര എന്നിവരുടെ വീട്ടുവളപ്പുകളിലെ വാഴ, തെങ്ങ്, ഫലവൃക്ഷങ്ങള്‍, വേലികള്‍ തുടങ്ങി വ്യാപകമായ നാശം വരുത്തി.
രാത്രി 2.30ന് കെ. മോഹനന്റെ പട്ടിക്കൂട് ആന തകര്‍ത്തത് സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ആനയുടെ ഭീകരതാണ്ഡവത്തോടെ പട്ടികള്‍ നിശബ്ദരായി ഓടിയൊളിച്ചു. സമീപത്തെ തൊഴുത്തില്‍ ഉണ്ടായിരുന്ന പശു മാത്രമാണ് ശബ്ദം ഉണ്ടാക്കിയത്. രാവിലെ 4.45 ന് നടക്കാന്‍ ഇറങ്ങിയ വത്സലനാണ് ആന വീടുകള്‍ക്ക് മുന്നിലുള്ള റോഡില്‍ നില്‍ക്കുന്നത് കണ്ടത്. ആനയെ കണ്ട് ഭയചകിതനായി നില്‍ക്കുമ്പോഴാണ് ടാപ്പിങ് തൊഴിലാളിയായ സഹദേവനും ഭാര്യയും റോഡിന്റെ മറുവശത്ത് ആനയ്ക്ക് മുന്നില്‍ എത്തുന്നത്, കോണ്‍ക്രീറ്റ് ജോലിക്കായി അതിരാവിലെ പുറപ്പെട്ട രാജനും ഭാര്യയും ആനയുടെ മുന്നില്‍ പെട്ടു. മൂന്നുപേരും പരസ്പരം ലൈറ്റുകള്‍ തെളിയിച്ച് ആനയുടെ സാന്നിധ്യം സമീപവാസികളെയും വീട്ടുകാരെയും ഫോറസ്റ്റ് വാച്ചറേയും അറിയിച്ചു.
ഒച്ച വെച്ചിട്ടും ആന പ്രദേശത്തുനിന്ന് മാറാന്‍ തയ്യാറാവാതായതോടെ അടുത്ത വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പ്രദേശവാസികളായ എം.അഹമ്മദ് കുട്ടി, സഹദേവന്‍, സിദ്ദീഖ്, ജയന്‍, വനം വാച്ചറായ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ മോഴയാനയെ വീടുകള്‍ക്ക് സമീപത്തു നിന്നും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും മോഴയാന സമീപത്തെ കനാലില്‍ ഇറങ്ങി കൂടുതല്‍ ജനവാസ മേഖലയിലേക്ക് പോകാനാണ് തയ്യാറായത്. ഏറെ ശ്രമത്തിനൊടുവില്‍ ആനയെ വീട്ടുവളപ്പുകളിലൂടെ തന്നെ കല്‍ച്ചാടി പുഴ കയറ്റി, ചള്ള, പുഞ്ചേരി ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളിലൂടെ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള വനമേഖലയിലേക്ക് തുരത്തി.
അതിരാവിലെ രണ്ടു മണിക്കൂറോളം തലങ്ങും വിലങ്ങും ഓടി കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. പ്രഭാത സവാരിയും, അതിരാവിലെ ദൂരദിക്കില്‍ ജോലിക്ക് പോകുന്നവരുടെയും, ജോലികഴിഞ്ഞ് വൈകിട്ട് വീട്ടില്‍ എത്തുന്നവരുടെയും വീട്ടുകാരാണ് വിള നാശങ്ങളെക്കാള്‍ ജീവഭയം പങ്കുവെച്ചത്. വനമേഖലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഓളം അകലെയുള്ള കോപ്പന്‍ കുളമ്പ് മരുതഞ്ചേരി പാതയോരത്ത് താമസിക്കുന്നവരാണ് ഇതോടെ ദുരിതത്തിലായത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷന്‍ ഫോറസ്റ്റര്‍ ജയിനുലാബുദ്ധിനിന്റെ നേതൃത്വത്തില്‍ ബി.എഫ്.ഒമാരായ രതീഷ്, അനു വാച്ചര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം നാശനഷ്ടം വരുത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
7.30 ഓടെ പൂഞ്ചേരി മലയടിവാരത്ത് പ്രത്യക്ഷപ്പെട്ട മോഴയാനയെ ബി.എഫ്.ഒമാരും വാച്ചര്‍മാരായ ബാലന്‍ റഷീദ്, രവി, ബിനു, ഷബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ മുരുക്കുംചാല്‍ മലമുകളിലേക്ക് തുരുത്തി. 30 വയസ് പ്രായവും 12 അടിയോളം പൊക്കവും ഉള്ള മോഴയെന്ന് വനം ജീവനക്കാര്‍.
വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും രാത്രി പ്രദേശത്ത് വാച്ചര്‍മാരുടെ നേതൃത്വത്തില്‍ ആന വീണ്ടും വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.