ചെടിതൈകള്‍ എന്ന വ്യാജേന ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പാലക്കാട് ജങ്ഷനില്‍ പിടികൂടി
പാലക്കാട്: ട്രെയിനില്‍ ചെടിതൈകള്‍ എന്ന വ്യാജേന കടത്തിയ 19.5 കിലോ കഞ്ചാവ് പാലക്കാട് ജങ്ഷനില്‍ പിടികൂടി. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുടെ ഇടനാഴിയിലാണ് കഞ്ചാവ് അടങ്ങിയ ചാക്കുകള്‍ ഉടമസ്ഥനില്ലാത്ത രീതിയില്‍ വച്ചിരുന്നത്. സംശയം തോന്നി രണ്ട് ചാക്കുകളിലായി വച്ചിരുന്ന ഫലവൃക്ഷച്ചെടി തൈകളുടെ ചുവട് ഇളക്കി പരിശോധിച്ചപ്പോഴാണ് അതില്‍ മണ്ണിനു പകരം കഞ്ചാവ് നിറച്ചതായി കണ്ടെത്തിയത്.
നാരകം, മാതളനാരങ്ങ, പേരയ്ക്ക, മൈലാഞ്ചി തുടങ്ങിയ തൈകളാണ് ചാക്കില്‍ ഉണ്ടായിരുന്നത്. ഇതിന്റെയെല്ലാം അടിഭാഗത്തുള്ള മണ്‍ച്ചട്ടി കവറില്‍ മണ്ണിനു പകരം കഞ്ചാവായിരുന്നു. പിടിച്ചെടുത്ത 19.5 കിലോ കഞ്ചാവിന് ഒന്‍പതര ലക്ഷത്തോളം രൂപ വില വരും. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സംയുക്തമായാണ് പരിശോധന നടത്തിയത്.
കഞ്ചാവ് തുടര്‍ നിയമ നടപടികള്‍ക്കായി എക്‌സൈസ് കണ്ടുകെട്ടി. പാലക്കാട് ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്‍. കേശവദാസ്, പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എഫ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഞ്ചാവ് കടത്തിയവരെ തേടി അന്വേഷണം ഊര്‍ജിതമാക്കിയതായി ആര്‍.പി.എഫ്, എക്‌സൈസ് അധികൃതര്‍ അറിയിച്ചു.