അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

Cannabis plants were destroyed in Attapadi
Cannabis plants were destroyed in Attapadi

പാലക്കാട്: അട്ടപ്പാടി വനത്തില്‍ 71 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പുതൂരിലെ മേലെ ഭൂതയാറില്‍ അഗളി എക്‌സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇവ വെട്ടി തീയിട്ട് നശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.45നാണ് എക്‌സൈസ് സംഘം വനത്തിലെ കഞ്ചാവ് തോട്ടത്തില്‍ എത്തിയത്. 10 അടിയോളം ഉയരം വരുന്ന മൂപ്പെത്തിയ കഞ്ചാവ് ചെടികളാണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താനായില്ല.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് നന്ദകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്, ചന്ദ്രന്‍, മറ്റ് ജീവനക്കാരായ രജീഷ്, സുധീഷ് കുമാര്‍, നിഥുന്‍, അനൂപ്, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ബി.എഫ്.ഒ. മണികണ്ഠന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ കനകരാജ്, വിജയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അഞ്ചുമാസത്തിനിടെ അഗളി എക്‌സൈസ് പാര്‍ട്ടി പുതൂര്‍ പഞ്ചായത്തില്‍ ഏഴ് കഞ്ചാവ് തോട്ടങ്ങള്‍ വെട്ടി നശിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ ആറിന് മുരുഗള വനത്തില്‍ പട്ടിമലയില്‍ നിന്നും 450 കഞ്ചാവ് ചെടികളും ജൂലൈ നാലിന് സത്യക്കല്‍ മലയില്‍ നിന്നും 611 കഞ്ചാവ് ചെടികളും ഓഗസ്റ്റ് 28ന് ഇടവാണിയില്‍ നിന്നും 305 കഞ്ചാവ് ചെടികളും സെപ്റ്റംബര്‍ 13ന് കുറുക്കത്തിക്കല്ലില്‍ നായ് വെട്ടുമലയില്‍ നിന്നും 115 കഞ്ചാവ് ചെടികളും സെപ്റ്റംബര്‍ 14ന് മേലെ ഭൂതയാറില്‍ നിന്നും 261 കഞ്ചാവ് ചെടികളും വെട്ടി നശിപ്പിച്ചു.