കള്ളവോട്ട് തടയാന്‍ കോടതിയെ സമീപിക്കും: സി. കൃഷ്ണകുമാര്‍

C Krishnakumar may become BJP candidate in Palakkad byelection
C Krishnakumar may become BJP candidate in Palakkad byelection

പാലക്കാട്: നിയോജകമണ്ഡലത്തില്‍ ഇരുപതിനായിരത്തിലധികം കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ഇവരില്‍ ആരെങ്കിലും വോട്ട് രേഖപ്പെടുത്തിയാല്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും കൈവശമുണ്ട്. 

ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലുള്ള വോട്ടുകളാണ് പാലക്കാട് നിയമസഭാമണ്ഡലത്തില്‍ അധികമായി ചേര്‍ത്തതെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടറുടെ ഒത്താശയോടെയാണ് വോട്ടുകള്‍ ചേര്‍ത്തതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,68,000 കള്ളവോട്ടുകള്‍ കണ്ടെത്തി. 

എല്ലാ രേഖകളോടും കൂടി ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. വ്യാജ വോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വ്യാജ വോട്ടുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് കലക്ടര്‍ സ്വീകരിച്ചത്. 

തെരഞ്ഞെടുപ്പ് കമ്മിഷനെ കൃത്യമായി സി.പി.എം. അവരുടെ ആയുധമായി ജില്ലയില്‍ ഉപയോഗിക്കുകയാണ്. ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ക്കുകയും ബി.ജെ.പിക്കനുകൂലമായ വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിവോടുകൂടിയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
 

Tags