ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം:വാരാചരണം 8 മുതല്‍ 16 വരെ

dsg

പാലക്കാട് :  ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം വാരാചരണം ഫെബ്രുവരി എട്ട് മുതല്‍ 16 വരെ നടക്കും. ജില്ലയിലെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത വര്‍ദ്ധിപ്പിക്കുകയും അതുവഴി ജില്ലയിലെ കാര്‍ഷിക കുടിവെള്ള മേഖലയില്‍ വികസനവും ജല സുരക്ഷയും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഭാരതപ്പുഴയുടെയും കൈവഴികളുടെയും പ്രധാന നീരുറവകളുടെയും തീരങ്ങള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കുക, മാലിന്യം അടിഞ്ഞുകൂടി പുഴയോരങ്ങളും ജലാശയവും മാലിന്യ നിക്ഷേപ കേന്ദ്രളാകുന്ന അവസ്ഥ ഇല്ലാതാക്കി നദീജലം പൂര്‍ണമായും ശുദ്ധവും വൃത്തിയുള്ളതുമാക്കുക, നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുകയും സുഗമമായ നീരൊഴുക്ക് സാധ്യമാക്കുക, പുഴയോരങ്ങളുടെ പച്ചപ്പ് വീണ്ടെടുക്കുക, തീരശോഷണം തടയുക എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്.


ജില്ലയിലെ എല്ലാ പുഴയോരങ്ങളും ഫെബ്രുവരി പത്തിന് ഏകദിന ശുചീകരണത്തിലൂടെ പൂര്‍ണമായും മാലിന്യമുക്തമാക്കുക, ജില്ലാതലത്തിലും ഡിവിഷന്‍ തലത്തിലും തദ്ദേശ സ്വയംഭരണ തലത്തിലും പുഴയോരതലത്തിലും സംഘാടകസമിതികള്‍ക്കു രൂപം നല്‍കുക, ശുചീകരണത്തിനായി കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, യുവജനക്ഷേമ ബോര്‍ഡ്, വായനശാലകള്‍, എന്‍.എസ്.എസ്-എന്‍.സി.സി സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കുക, ശുചീകരണം നടത്തിയ സ്ഥലങ്ങളില്‍ നിന്നും അന്നന്നു തന്നെ മാലിനും ശാസ്ത്രീയമായി നീക്കം ചെയ്ത് പരിപാലിക്കുന്നത് ക്ലീന്‍ കേരള കമ്പനി മറ്റ് ഏജന്‍സികള്‍ എന്നിവരുടെ സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഉറപ്പാക്കുക, വൃത്തിയാക്കിയ ഇടങ്ങള്‍ വൃക്ഷവത്ക്കരണം നടത്തുന്നതിന് സാമൂഹ്യ വനം വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവ വഴി തൈകള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ നടപ്പാക്കുക.


രണ്ടാം ഘട്ടത്തില്‍ എല്ലാ പുഴയോര വാര്‍ഡുകളിലും ചുരുങ്ങിയത് രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനം ഉറപ്പാക്കുക, എല്ലാ പുഴയോര വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ കൃത്യമായി പരിപാലിക്കുക, എല്ലാ വാര്‍ഡുകളിലും ഗാര്‍ഹിക-സ്ഥാപന-സാമൂഹ്യതല ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക, ശുചീകരണ മാലിന്യ സംസ്‌കരണ യജ്ഞത്തിന് സ്ഥിരത നല്‍കുക, ജില്ലയിലെ പുഴകളെയും ജലാശയങ്ങളെയും മാലിന്യമുക്ത ജലസ്രോതസുകളായി പ്രഖ്യാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. യോഗത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ഓരോ ബ്ലോക്ക് തല ചുമതലകളും ക്യാമ്പയിന്‍ സെല്‍ അംഗങ്ങള്‍ക്ക് പഞ്ചായത്ത് തല ചുമതലകളും നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ പി. സൈതലവി,മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍  പങ്കെടുത്തു.

Tags