പാലക്കാട് വെര്‍ച്ച്വല്‍ അറസ്റ്റ് മാതൃകയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം
പാലക്കാട്: വെര്‍ച്ച്വല്‍ അറസ്റ്റ് മാതൃകയില്‍ സൈബര്‍ സെല്ലില്‍നിന്നാണെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. പോലീസ് സഹായം തേടിയ ഒറ്റപ്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.
അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് നിരീക്ഷണത്തിലാണെന്നും പറഞ്ഞാണ് യുവതിക്ക് കഴിഞ്ഞദിവസം ഫോണ്‍ വന്നത്. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ആസ്ഥാനത്തില്‍നിന്നാണെന്ന് വിശ്വസിപ്പിച്ചായിരുന്നു സംസാരം.
മൊബൈല്‍ ഫോണിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണെന്നും അറിയിച്ചു. മലയാളത്തിലായിരുന്നു സംഭാഷണം.
തുടര്‍ന്ന് ഫോണ്‍ ഉന്നത ഉദ്യോഗസ്ഥന് കൈമാറുകയാണെന്നും ചോദിക്കുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇത് കേട്ടപ്പോള്‍ സംശയം തോന്നിയ യുവതി ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് നേരെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പോലീസ് ഈ നമ്പറിലേക്ക് പല തവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.
ഒടുവില്‍ തട്ടിപ്പുകാരില്‍ നിന്ന് മെസേജ് കരോ എന്ന സന്ദേശം വന്നു. ഇതിന് മറുപടി നല്‍കി തുടങ്ങിയതോടെ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ ചോദിച്ചുതുടങ്ങി. പിന്നീട് സന്ദേശങ്ങള്‍ നിലച്ചു. പലതവണ സന്ദേശം അയച്ചും വിളിച്ചും പോലീസ് ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പോലീസാണെന്ന് തിരിച്ചറിഞ്ഞിരിക്കുമെന്നാണ് സംശയം.