ആലത്തൂരില്‍ താലൂക്ക് തല നിക്ഷേപസംഗമം സംഘടിപ്പിച്ചു

google news
A taluk level investment meeting was organized in Alathur

പാലക്കാട് : ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആലത്തൂര്‍ താലൂക്ക് തല നിക്ഷേപസംഗമവും സംരംഭകത്വ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. സ്വയംതൊഴില്‍ സംരംഭക ആശയങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിനെക്കുറിച്ചും സംരംഭങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും സംരംഭകര്‍ക്ക് ബോധവത്കരണം നല്‍കി. വ്യവസായ സംരംഭം തുടങ്ങുന്നതിനും തുടര്‍ന്ന് നടത്തുന്നതിനും ലഭ്യമാക്കേണ്ട ലൈസന്‍സ്, ക്ലിയറന്‍സ് എന്നിവ സംബന്ധിച്ച് സംരംഭകരെ പരിചയപ്പെടുത്തി.


ആലത്തൂര്‍ താലൂക്കിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വ്യവസായ സംരംഭകര്‍ക്കും വ്യവസായം തുടങ്ങുന്നവര്‍ക്കുമായി നടത്തിയ ബോധവത്ക്കരണ സെമിനാറില്‍ പാലക്കാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കൃത്യ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു. കെ-സ്വിഫ്റ്റ് വിഷയത്തില്‍ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥന്‍ കെ.വി സിദ്ധാര്‍ത്ഥന്‍, ജി.എസ്.ടി സേവനങ്ങളുടെ നടപടിക്രമങ്ങള്‍ വിഷയത്തില്‍ ആലത്തൂര്‍ ജി.എസ്.ടി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. മനോജ്, വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തികളും സേവനങ്ങളും വിഷയത്തില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍, ഒ.എന്‍.ഡി.സി മൈസ്റ്റോര്‍ ഓണ്‍ ബോര്‍ഡിങ് സംബന്ധിച്ച് കോട്ടായി ഗ്രാമപഞ്ചായത്ത് സംരംഭകത്വ വികസന എക്സിക്യൂട്ടീവ് എ. അശുവിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.


കെ.ഡി പ്രസേനന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എന്‍ വെങ്കിടേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. കുമാരി, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരന്‍, കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ, ആലത്തൂര്‍ വ്യവസായ വികസന ഓഫീസര്‍ എ. സബാന, ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍, സംരംഭകര്‍, സംരംഭകത്വ വികസന എക്സിക്യൂട്ടീവുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags