ഭരണഘടന ആമുഖത്തോടെ ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

google news
ഭരണഘടന ആമുഖത്തോടെ ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് : ഭരണഘടന ആമുഖത്തോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചു. 168.63 കോടി രൂപ വരവും 168.58 കോടി ചെലവും 4.92 ലക്ഷം നീക്കിയിരിപ്പും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ജന്‍ഡര്‍ സൗഹൃദ തദ്ദേശഭരണം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയ പദ്ധതികളാണ് അവതരിപ്പിച്ചത്. ആശുപത്രി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഭിന്നശേഷി വയോജന ജെന്‍ഡര്‍ സൗഹൃദമാക്കുന്നതിനും ആരോഗ്യ മേഖലയ്ക്ക് 2.60 കോടി വകയിരുത്തി. 

പാലിയേറ്റീവ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് തളരുന്നവര്‍ക്ക് തണലായി പദ്ധതിക്കായി ബ്ലോക്ക് 31 ലക്ഷം വകയിരുത്തി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് പദ്ധതിക്ക് 20 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും സൗകര്യങ്ങള്‍ക്കും 1.18 കോടി വകയിരുത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 142 കോടി, പട്ടികജാതി മേഖലയിലെ വികസനത്തിന് 3.02 കോടി, പട്ടികവര്‍ഗ മേഖലയില്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവ പ്രധാനം ചെയ്യുന്ന വരുമാനദായക പ്രവര്‍ത്തനങ്ങള്‍, ഊരുകളിലെ പശ്ചാത്തല സൗകര്യ വികസനം, ഭവന നിര്‍മാണം എന്നിവയ്ക്കായി 10.16 ലക്ഷം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2.34 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

ബ്ലോക്കിലെ ഘടകസ്ഥാപനങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 62 ലക്ഷം, കാര്‍ഷികമേഖലയിലെ കതിരിനൊരു കരുതല്‍ പദ്ധതിക്ക് 85 ലക്ഷം, ക്ഷീരസാഗരം പദ്ധതിക്ക് 25 ലക്ഷം ഉള്‍പ്പെടെ ക്ഷീര മേഖലയ്ക്ക് 38 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ ചെറുകിട വ്യവസായം, കുടിവെള്ളം, ശുചിത്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, യുവജനക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ഭിന്നശേഷി-വയോജന സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിലേക്കും ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.


ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നയപ്രഖ്യാപനം നടത്തി. തരൂര്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. രമണി, കവിത മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags