തൃശ്ശൂരിൽ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

google news
arrested

തൃശൂര്‍: നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന പീച്ചി സ്വദേശി കുട്ടപ്പന്‍ എന്ന ധനേഷ് പീച്ചി പോലീസിന്റെ പിടിയില്‍. പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജെ.എസ്. പ്രമോദ്കൃഷ്ണന്റെ നിര്‍ദേശപ്രകാരം എറണാകുളത്തുവച്ച് ഇന്നലെ രാത്രിയാണ് പീച്ചി പ്രിന്‍സിപ്പല്‍ എസ്.ഐ. ബിപിന്‍ ബി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതി സ്ഥലത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

വിവിധ സ്റ്റേഷനുകളിലായി വധശ്രമം, ഭവനഭേദനം, മോഷണം, അടിപിടി കേസുകളില്‍ പ്രതിയാണ് ധനേഷ്. ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലും പീച്ചി പോലീസ് സ്റ്റേഷനിലുംഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കമ്പനിപ്പടിയില്‍ എത്തി വീടുകയറി ആക്രമിച്ച് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് പീച്ചിയില്‍ മറ്റൊരു യുവാവിനെയും വെട്ടി പരുക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

ശനിയാഴ്ച ഉച്ചയോടെ പ്രതിയെ കമ്പനിപ്പടിയില്‍ ആക്രമണം നടത്തിയ വീട്ടിലും പീച്ചിയിലും പീച്ചി റോഡ് ജങ്ഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പീച്ചിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ ഏറെ പ്രകോപിതരായി. അക്രമണത്തിന് ഉപയോഗിച്ച കമ്പിവടി ചെന്നായ്പ്പാറയ്ക്ക് സമീപം കുന്നത്തങ്ങാടിയില്‍ നിന്നും കണ്ടെത്തി.
പോലീസ് ഉദ്യോഗസ്ഥരായ മഹേഷ് ചാക്കോ, വിഷ്ണു എസ്, ഷിനോദ്, സ്‌ക്വാഡ് അംഗങ്ങളായ സജി ചന്ദ്രന്‍, വിപിന്‍ദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
 

Tags