എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാവണം നമ്മുടെ കാഴ്ചപ്പാട്: തത്ത്വമയാനന്ദ

വേദാന്ത ദർശനം ഉയർത്തി പിടിക്കുന്നത് എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാണെന്നും അത്തരം കാഴ്ചപ്പാടാണ് പുതുതലമുറയ്ക്കുണ്ടാകേണ്ടത് നോർത്തേൺ കാലിഫോർണിയ, സാൻഫ്രാൻസിസ്ക്കോയിലെ വേദാന്ത സോസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജുമായ സ്വാമി തത്ത്വമയാനന്ദ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും വേദാന്ത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
എല്ലാ ദർശനങ്ങളും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നവയാണെന്നും ഒരു ദർശനത്തെ നന്നായി മനസിലാക്കാൻ മറ്റുള്ളവയുടെ സാമാന്യജ്ഞാനം അനിവാര്യമാണ്. അത്തരത്തിൽ എല്ലാത്തിനേയും ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയാണ് ജനമനസുകളിൽ ഉണ്ടാകേണ്ടത്. അതിന് ഏറ്റവും സഹായകമായ ദർശനം വേദാന്തദർശനമാണ്. ഇന്ത്യ കേവലം ആത്‍മീയതയുടെയും യാജ്ഞികതയുടെയും മാത്രം ശ്രദ്ധാകേന്ദ്രമല്ല. അതിനു മഹത്തായ ഒരു വൈജ്ഞാനിക പാരമ്പര്യമുണ്ട്. അതു കാത്തുസൂക്ഷിക്കുവാൻ വൈജ്ഞാനിക മേഖലകളെ വിശാലമായ കാഴ്ചപ്പാടോടെ മനസ്സിലാക്കേണ്ടതുണ്ട്, സ്വാമി തത്ത്വമയാനന്ദ പറഞ്ഞു.
പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ ഉപഹാരം വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ സമർപ്പിച്ചു. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, വേദാന്ത വിഭാഗം പ്രൊഫസർ ഡോ. എസ്. ഷീബ എന്നിവർ സംസാരിച്ചു.