എസ് ബി ഐ ജീവനക്കാർ മാർച്ച് 30ന് വീണ്ടും പണിമുടക്കും

google news
sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കുന്ന എം പി എസ് എഫ് വിപണന -വിൽപന പദ്ധതി പിൻവലിക്കുക, ശാഖകളിൽ ജീവനക്കാരുടെ കുറവ് സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ടി എസ് ബി ഇ എ അംഗങ്ങൾക്കെതിരായ പ്രതികാരനടപടികളും ദ്രോഹപരമായ സ്ഥലം മാറ്റങ്ങളും  അവസാനിപ്പിക്കുക, സംസ്ഥാനത്ത് എസ് ബി ഐ യുടെ വായ്പാ - നിക്ഷേപ അനുപാതവും  മുൻഗണനാ വിഭാഗം വായ്പകളും വർദ്ധിപ്പിക്കുക, പുറംകരാർവൽക്കരണം ഉപേക്ഷിക്കുക, ഇsപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുക, തടസ്സരഹിത സേവനങ്ങൾ ഉറപ്പാക്കുക, ജീവനക്കാർക്ക് അന്തസ്സുള്ള തൊഴിൽ- ജീവിതം ഉറപ്പാക്കുക, മൂല്യാധിഷ്ഠിത, തൊഴിൽശക്തി സൗഹൃദ HR നയങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രാവങ്കൂർ സ്റേററ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ ) ആഹ്വാന പ്രകാരം എസ് ബി ഐ ജീവനക്കാർ  മാർച്ച് 30ന് പണിമുടക്കും.

ശാഖാസേവനങ്ങളിലും വായ്പാ വിതരണത്തിലും സംഭവിച്ചിട്ടുള്ള കുറവുകളുടെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ജനങ്ങൾക്കും ജീവനക്കാർക്കും പ്രയാസങ്ങൾ വർദ്ധിപ്പിക്കുന്നതിനിടയാക്കുന്ന വികലമായ വിപണന -വിൽപന പദ്ധതികളാണ് സർക്കിൾ മാനേജ്മെൻ്റ് നടപ്പാക്കാൻ ശ്രമിക്കുന്നത്.  ആയിരക്കണക്കിനു ഒഴിവുകൾ ഉണ്ടായിട്ടും അതു നികത്താതെ സേവനങ്ങളും വായ്പാ വിതരണവും അവതാളത്തിലാകുന്നു.   കേരളത്തിൽ വായ്പാ നിക്ഷേപ അനുപാതം 50 ശതമാനം മാത്രമാണ്. മുൻഗണനാ വിഭാഗം വായ്പകളുടെ വിതരണം റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കുറഞ്ഞാണ് നിൽക്കുന്നത്.  ഈ പ്രശ്നങ്ങൾ കേരള നിയമസഭയിലും  ഉന്നയിക്കപ്പെട്ടിരുന്നു.  നിരവധി പാർലിമെൻ്റ് അംഗങ്ങളും ഇടപെട്ടിട്ടുണ്ട്.  ഇതെല്ലാം ഗൗരവത്തിലെടുത്ത്  പ്രശ്നങ്ങൾ പരിഹരിച്ച് സംസ്ഥാന വികസനത്തിൽ സ്‌റ്റേറ്റ് ബാങ്ക് സക്രിയ പങ്കാളിയാകണം.  ഇക്കാര്യങ്ങളിൽ  ബാങ്കധികാരികൾ നിഷേധാത്മക സമീപനം വെടിയണം.

ഇതേ  ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 24 ന് ജീവനക്കാർ പണിമുടക്കിയിരുന്നു.  പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ പണിമുടക്കിയ ജീവനക്കാർക്കെതിര ശിക്ഷണ നടപടികളും വിദൂരസ്ഥലംമാറ്റങ്ങളുമായി ബാങ്കധികാരികൾ രംഗത്തു വന്നിരിക്കുകയാണ്. തൊഴിലാളി ദ്രോഹപരവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം നടപടികൾക്കെതിരെ  സമരം ശക്തമാക്കും.

സമര പരിപാടികളുടെ ഭാഗമായി മാർച്ച് 16ന് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും മാർച്ച് 19ന് എറണാകുളത്ത് സമര വിളംബര സമ്മേളനവും മാർച്ച് 22 ന് സായാഹ്ന ധർണകളും 29 ന് റാലികളും 30 ന് പണിമുടക്കും നടക്കും.

Tags