റബ്ബര്‍, കയര്‍ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കണമെന്ന് എന്‍.ഐ.ഐ.എസ്.ടി സെമിനാര്‍

google news
sdhsd

തിരുവനന്തപുരം: റബ്ബര്‍, കയര്‍ മൂല്യവര്‍ധിത വസ്തുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകണമെന്ന് വിദഗ്ധര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) യുടെ 'വണ്‍ വീക്ക് വണ്‍ ലാബ്' സമ്മേളനത്തില്‍ 'റിജിയണല്‍ മെറ്റീരിയല്‍സ് റബ്ബര്‍ ആന്‍ഡ് കയര്‍ ടെക്നോളജീസ്' എന്ന പ്രമേയത്തില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

ഏറ്റവും വലിയ രണ്ടാമത്തെ നാളികേര ഉത്പാദക രാജ്യമായ ഇന്ത്യ കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തേങ്ങാതൊണ്ട് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും എന്നാല്‍ കയറില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ രാജ്യം പിന്നിലാണെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡി. കുപ്പുരാമു പറഞ്ഞു. ചൂട് കുറയ്ക്കുന്നതില്‍ കയറിന് നിര്‍ണായക പങ്കുണ്ട്. കയര്‍ പോലുള്ള പ്രകൃതിദത്ത നാരുകള്‍ക്ക് ആഗോളതാപനത്തിനുള്ള പ്രാഥമിക പരിഹാരമായി പ്രവര്‍ത്തിക്കാനാകും. പ്ലാസ്റ്റിക്കിന് ഏറ്റവും മികച്ച ജൈവ ബദലായി മാറാന്‍ സാധിക്കുന്ന കയറിന് പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സഹായിക്കാനാകും. എന്‍.ഐ.ഐ.എസ്.ടി പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ഈ മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബര്‍ മേഖലയില്‍ കൂടുതല്‍ എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ റബ്ബറിന്‍റെ മൂല്യവര്‍ധനവ് പോഷിപ്പിക്കണമെന്ന് മുഖ്യാതിഥിയായ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവാര്‍ ധനാനിയ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനു പുറമേ കൃഷി, ഉത്പാദനം, വിപണി, വിതരണശൃംഖല എന്നിവ ഉത്പന്ന വികസനത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി പ്രയോജനപ്പെടുത്തണം. ഈ മേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ റബ്ബറൈസ്ഡ് കയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബര്‍ കൃഷിയും ഉത്പാദനവും വര്‍ധിപ്പിക്കുക, ശരിയായ വിപണന-വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നീ അടിസ്ഥാന വിഷയങ്ങളിലാണ് റബ്ബര്‍ മേഖല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഖൊരഖ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. ശന്തനു ചട്ടോപാധ്യായ പറഞ്ഞു. എല്ലാ പ്രദേശങ്ങളിലും ഏതു കാലാവസ്ഥയിലും വളരുന്ന കാര്‍ഷിക വിളയെന്ന നിലയിലുള്ള റബ്ബറിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുകയും മൂല്യവര്‍ധനവില്‍ ശ്രദ്ധിക്കുകയും വേണം. റബ്ബര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് റബ്ബര്‍, കയര്‍ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുടെ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കാനാണ് എന്‍ഐഐഎസ്ടി വിഭാവനം ചെയ്യുന്നതെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

റബ്ബര്‍ പ്രമേയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ താനെ ഇന്ത്യന്‍ റബ്ബര്‍ മാനുഫാക്ചേഴ്സ് റിസര്‍ച്ച് അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. കെ. രാജ്കുമാര്‍, തിരുവനന്തപുരം എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ആര്‍. ലക്ഷ്മിനാരായണന്‍, കോട്ടയം റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജോയിന്‍റ് ഡയറക്ടര്‍ ഡോ. സിബി വര്‍ഗീസ്, അര്‍ലാന്‍ക്സിയോ അസോസിയേറ്റ് മാനേജര്‍ രാജേഷ് വി. ചിദംബരന്‍, റബ്ബര്‍ തീം കോര്‍ഡിനേറ്റര്‍ ഡോ. കെ.ഐ. സുരേഷ് എന്നിവരും സംസാരിച്ചു.

ഇന്ത്യയിലെ ആവശ്യത്തിനനുസരിച്ചുള്ള കയര്‍, റബ്ബര്‍ ഉത്പന്നങ്ങളില്‍ 10 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും മറ്റ് രാജ്യങ്ങളെയാണ് ഇക്കാര്യത്തില്‍ രാജ്യം ആശ്രയിക്കുന്നതെന്നും ഐ.ഐ.ടി മദ്രാസിലെ പ്രൊഫ. ആര്‍.ജ്ഞാനമൂര്‍ത്തി പറഞ്ഞു. ഈ മേഖലകളിലെ ഉത്പന്നങ്ങളില്‍ സുസ്ഥിരത കൈവരിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. റബ്ബര്‍, കയര്‍ മൂല്യവര്‍ധനവില്‍ വ്യാവസായികമായ മത്സരക്ഷമത വര്‍ധിപ്പിച്ചും ആഭ്യന്തര ആവശ്യത്തെ പരിഗണിച്ചുകൊണ്ടുമുള്ള ഉത്പാദനം നടത്തിയുമുള്ള രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ഗവേഷണ വികസന സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ജ്ഞാനമൂര്‍ത്തി പറഞ്ഞു.

കയറിനെയും റബ്ബറിനെയും വിപണിസാധ്യതയും മത്സരക്ഷമതയുമുള്ള വ്യവസായവും ദേശീയ വരുമാനത്തിന് സംഭാവന ചെയ്യുന്ന മേഖലയുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വി. നമശിവായം പറഞ്ഞു. തൊഴിലാളികളെ ലഭിക്കാത്തതും ഉയര്‍ന്ന കൂലിച്ചെലവും ഈ മേഖലകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. തൊഴിലാളിക്ഷമതയും നേട്ടവും വര്‍ധിക്കണമെങ്കില്‍ കാര്‍ഷിക മേഖലയും വ്യാവസായിക സ്ഥാപനങ്ങളും സര്‍ക്കാരുമായി ചേര്‍ന്നുള്ള ആസൂത്രിതമായ പ്രവര്‍ത്തനം ആവശ്യമാണെന്നും നമശിവായം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കയര്‍ മേഖലയുടെയും കയര്‍ അനുബന്ധ വ്യവസായങ്ങളുടെയും വളര്‍ച്ചാനിരക്ക് താഴേക്കാണെന്നും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുകയും പുതിയ വിപണി കണ്ടെത്തുകയും ചെയ്യുന്നതിലൂടെ മേഖലയുടെ വളര്‍ച്ച വീണ്ടെടുക്കണമെന്നും ഐ.ഐ.എസ്.ടി ഔട്ട്സ്റ്റാന്‍ഡിങ് പ്രൊഫസറും ഡീനുമായ പ്രൊഫ. കുരുവിള ജോസഫ് പറഞ്ഞു.

കയര്‍ പ്രമേയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍.ഡി.ടി.ഇ ഡോ.ഷണ്‍മുഖസുന്ദരം ഒ.എല്‍, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ സയന്‍റിസ്റ്റ് ഡോ.അഭിഷേക് സി, നെയ്യാറ്റികര കയര്‍ ക്ലസ്റ്റര്‍ ഡവലപ്മെന്‍റ് സൊസൈറ്റി പ്രസിഡന്‍റ് തിരുപുറം ഗോപന്‍, അപ്ലൈഡ് ബയോപ്ലാസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആര്‍ ആന്‍ഡ് ഡി ഹെഡ് വിനയ് കണ്ടേല്‍വാള്‍ എന്നിവരും സംസാരിച്ചു. ഇരുസെഷനുകളിലും എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ മോഡറേറ്ററായി.

Tags