തൊഴില്‍ നൈപുണ്യം എല്ലാവരും സ്വയം തിരിച്ചറിയണം; ഡോ.വി.ബാലകൃഷ്ണന്‍

തൊഴില്‍ മേഖലയിലേക്കെത്തിപ്പെടാന്‍ എല്ലാവരിലും നൈപുണ്യം ഉണ്ടെന്നും ഇതാണ് ആദ്യം തിരിച്ചറിയേണ്ടതെന്നും ഡി.വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അസാപ്പുമായി സഹകരിച്ച് വിദ്യാനഗര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴിലന്വേഷകര്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് പഠിച്ച് ആദ്യം തീരുമാനമെടുക്കണം.

മികച്ച അക്കാദമിക പശ്ചാത്തലമുണ്ടാകുമ്പോഴും പലര്‍ക്കും അടിസ്ഥാന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റുന്നില്ല. ഏതെങ്കിലും ഒരു മേഖലയില്‍ കേന്ദ്രീകരിച്ച്  മികച്ച് നില്‍ക്കാന്‍ ശ്രമിക്കണം. വൈവിധ്യം നിറഞ്ഞ നാട്ടില്‍ എല്ലാവര്‍ക്കും ഇല്ലാതെ പോകുന്നത് ഏതെങ്കിലും ഒരു മേഖലയിലെ കേന്ദ്രീകരണം ആണ്. ജോലി തേടി വിദേശത്ത് പോയ പലരും നാട്ടിലേക്ക് തന്നെ മടങ്ങിയെത്തി അവരുടേതായ ലോകം കെട്ടിപ്പടുക്കുകയാണ്. ഓരോരുത്തരുടെയും കഴിവുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതില്‍ വിജയം കൈവരിക്കണമെന്നും എല്ലാ ജോലിക്കും അതിന്റേതായ വ്യക്തിത്വവും മഹത്വവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയില്‍, അസാപ്പ് ട്രെയിനര്‍ കെ.വി.ശ്രീരാജ് ആണ് പരിശീലന ക്ലാസ് നല്‍കുന്നത്. തൊഴില്‍ നൈപുണ്യ പരിശീലനം, തൊഴില്‍ അഭിമുഖത്തിന് സജ്ജമാവല്‍, ബയോഡാറ്റാ തയ്യാറാക്കൽ, ഗ്രൂപ്പ് ചര്‍ച്ച തുടങ്ങി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ വിഷയങ്ങള്‍ സംബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി അഞ്ച് മണിക്കൂര്‍ വീതം പരിശീലനം നല്‍കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പ്രോഗ്രാം മാനേജര്‍ ജിസ് ജോര്‍ജ് സംസാരിച്ചു. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി.സുജീഷ് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിധീഷ് ബാലന്‍ നന്ദിയും പറഞ്ഞു.
 

Share this story