ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി

google news
iuytrdfd

കല്‍പ്പറ്റ: പുതുശേരിയിലെ കര്‍ഷകന്‍ പള്ളിപ്പുറം തോമസ് കടുവ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.കൂടാതെ വന്യമൃഗ ശല്യത്തിന്റെ പശ്ചാത്തത്തില്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വ്യക്തതയില്ലാത്ത പ്രസ്താവനകള്‍ നടത്തി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ബിജെപി ആരോപിച്ചു. 

കടുവ ആക്രമണത്തില്‍ തുടയെല്ല് പൊട്ടുകയും ഞരമ്പുകള്‍ മുറിയുകയും ചെയ്ത തോമസിന്റെ ജീവന്‍ തക്കസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ നഷ്ടമാകില്ലായിരുന്നു. ചികിത്സാ സൗകര്യത്തിന്റെ അഭാവത്തില്‍ തോമസിനെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.
   
ഈ സമയം ഐസിയു ആംബലുന്‍സ് ഉണ്ടായിട്ടും തോമസിനെ കൊണ്ടുപോകുന്നതിനായി വയനാട് ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ വിട്ടുകൊടുത്തില്ല. ഒരു മണിക്കൂറിനുശേഷം 108 ആംബുലന്‍സാണ് തോമസിനായി ഉപയോഗപ്പെടുത്തിയത്. ഐസിയു ആംബലുന്‍സ് ഉണ്ടായിട്ടും ലഭ്യമാക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തോമസ് അപകടനിലയില്‍ ആയിരുന്നില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രതികരിച്ചത്. വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രിയിലേക്കു മാറ്റുന്നതില്‍ ഉണ്ടായ സമയ താമസമാണ് തോമസിന്റെ ജീവനെടുത്തത്.

മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാത്ത ആരോഗ്യമന്ത്രിയും ഐസിയു ആംബുലന്‍സ് വിട്ടുകൊടുക്കാത്ത ആശുപത്രി സൂപ്രണ്ടും തോമസിന്റെ മരണത്തിന് ഉത്തരവാദികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ ആധുനിക ചികിത്സാസൗകര്യം ഒരുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിനു അയല്‍ സംസ്ഥാന ഭരണാധികാരികളുമായി കൂടിയാലോചിച്ചു പദ്ധതി തയാറാക്കുമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ വനം മന്ത്രി പറഞ്ഞത്.
 
ഇതു വിചിത്രമാണ്. വന്യജീവി ശല്യത്തിന്റെ പരിഹാരത്തിനു സംസ്ഥാനം സ്വന്തം നിലയ്ക്കു പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. വന്യജീവി പ്രതിരോധത്തിനു ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പറഞ്ഞ മന്ത്രി പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കിയില്ല. ഇത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. വന്യജീവി ശല്യത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കാര്‍ഷിക മേഖലയിലാണ്. കൃഷിയെടുക്കാനാകാതെയും വിളകള്‍ നശിച്ചും കര്‍ഷകരുടെ വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടാകുന്നത്. എന്നിട്ടും കൃഷിവകുപ്പിനു കുലുക്കമില്ല. കൃഷിക്കാരുടെ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് നികത്താന്‍ കൃഷി വകുപ്പിന് പദ്ധതികളില്ല. ഈ അവസ്ഥ മാറണം.

കൃഷിക്കാര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കൃഷി, വനം വകുപ്പുകള്‍ പരിഹരിക്കണം. വനാതിര്‍ത്തില്‍ റെയില്‍ ഫെന്‍സിംഗും ടൈഗര്‍ നെറ്റും സ്ഥാപിക്കുകയാണ് വന്യജീവി പ്രതിരോധത്തിനു ഫലപ്രദം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാരില്‍നിന്നു നേടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കണം.

കടുവ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് സ്ഥിരം സംവിധാനം ഒരുക്കണം. പ്രായാധിക്യവും പരിക്കും മൂലം ഇരതേടാന്‍ നാട്ടിലിറങ്ങുന്ന കടുവകളെയും പുലികളെയും പിടികൂടി പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ കൂടുതല്‍ അഭയ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറി കെ. ശ്രീനവാസന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags