യൂസര്‍ഫീ നിയമപരമായ ബാധ്യത

trfgh

ഖരമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനത്തിന് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണ്. ശുചിത്വവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരവും കേരള മുനിസിപ്പാലിറ്റി നിയമപ്രകാരവും അനിവാര്യ ചുമതലയാണ്. മണ്ണ്, ജലം, വായു എന്നിവയുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തേണ്ടതും ശാസ്ത്രീയ രീതികളും, ശീലങ്ങളും പൊതുജനങ്ങളില്‍ എത്തിക്കേണ്ടതും സര്‍ക്കാരിനൊപ്പം പ്രാദേശിക സര്‍ക്കാരുകളുടെയും ഉത്തരവാദിത്വമാണ്.

ഖരമാലിന്യ പരിപാലന നിയമപ്രകാരം മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും, കത്തിക്കരുതെന്നും, ഒഴുക്കിവിടരുതെന്നും പകരം ഹരിതകര്‍മ്മസേന പോലുള്ള ഏജന്‍സികള്‍ മുഖേന യൂസര്‍ഫീ നല്‍കി മാലിന്യം തരംതിരിച്ച് കൈയൊഴിയണമെന്നും കേന്ദ്ര പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികള്‍ പാസാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യൂസര്‍ഫീ ഈടാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂസര്‍ഫീ ശേഖരിച്ച് വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികള്‍ നിരന്തരം അവലോകനം നടത്തണം. തദ്ദേശഭരണ വകുപ്പിന്റെ 41/2023 നമ്പര്‍ ഉത്തരവ് പ്രകാരം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാതല ഏകോപനസമിതി അറിയിച്ചു.

Share this story