വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി സമ്മതിദായക ദിനാചരണം

google news
fdszxc


കാസർഗോഡ് : ഒരോ വോട്ടിന്റെയും പ്രാധാന്യം വിളിച്ചോതി 13മത് ദേശീയ സമ്മതിദായക ദിനാചരണം നടത്തി. വോട്ട് ചെയ്യുന്നിടത്തോളം മഹത്തരം മറ്റൊന്നുമില്ല ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മതിദായക ദിനത്തിന്റെ പ്രമേയം. ചീമേനി കോളജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. 1950 ജനുവരി 25ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിതമായതിന്റെ സ്മരണയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്
2011 മുതലാണ് ജനുവരി 25 രാജ്യത്ത് സമ്മതിദായക ദിനമായി ആചരിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ സംവിധാനമൊരുക്കുക, പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ പരമാവധി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രായപൂര്‍ത്തി വോട്ടവകാശം നേടിയ പുതിയ വോട്ടര്‍മാര്‍ക്ക് ജനാധിപത്യ സംവിധാനത്തെപ്പറ്റിയും തെരഞ്ഞെടുപ്പിനെപ്പറ്റിയും ബോധവത്ക്കരണം നടത്തുകയെന്നതും ദിനാഘോഷത്തിന്റെ ലക്ഷ്യമാണ്. ചടങ്ങില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ കെ.നവീന്‍ ബാബു അധ്യക്ഷനായി. സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്,  കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂര്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍ പി.ബിനേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂര്‍ പ്രിന്‍സിപ്പല്‍ ഡോ.വിനോദ് പൊട്ടക്കുളത്ത് സ്വാഗതവും ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് വി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. നിയോജകമണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബി.എല്‍.ഒമാരെ ചടങ്ങില്‍ ആദരിച്ചു. സമ്മതിദായക ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. ചെറുവത്തൂര്‍ കണ്ണംകൈ യുവശക്തി വനിതാവേദി അവതരിപ്പിച്ച അലാമിക്കളിയും നടന്നു.

സമ്മതിദായക ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബി.വിജിത്ത് വിനോദ്, രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് മിഷാബ് മൂന്നാം സ്ഥാനം നേടിയ തേജസ് നമ്പ്യാര്‍ , എം. അലീഷ എന്നിവര്‍ക്കുള്ള  സമ്മാനദാനവും നടന്നു

Tags