പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണം ; നോബല്‍ സമ്മാന ജേതാവ് പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡല്‍

google news
sgd

 
കാസർകോട് :  പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍ പറഞ്ഞു. 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യത്തിനുസരിച്ചുള്ള സുസ്ഥിരമായ ഇടപെടലുകളാണ് സമൂഹം ശാസ്ത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രസതന്ത്രത്തോട് അഭിരുചി വളര്‍ത്തുന്നതില്‍ പ്രകൃതി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോബേല്‍ സമ്മാനത്തിലേക്കുള്ള ഗവേഷണ വീഥിയില്‍ നേരിട്ട ജയ പരാജയങ്ങളെക്കുറിച്ച് അദ്ദേഹം ശാസ്ത്ര കോണ്‍ഗ്രസ് പ്രതിനിധികളുമായി അനുഭവം പങ്കുവെച്ചു. നോബേല്‍ സമ്മാനത്തിന് അര്‍ഹമാക്കിയ ക്ലിക്ക് കെമിസ്ട്രിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രസതന്ത്രത്തെ ഫംഗ്ഷണലിസത്തിന്റെ യുഗത്തിലേക്ക് കൊണ്ടുവരികയും ക്ലിക്ക് കെമിസ്ട്രിയ്ക്ക് അടിത്തറപാകുകയും ചെയ്ത ഗവേഷണങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഫാര്‍മസ്യൂട്ടിക്കല്‍സ്, മെറ്റീരിയല്‍ കെമിസ്ട്രി തുടങ്ങിയ മേഖലകളില്‍ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഈ കണ്ടുപിടുത്തം കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍മ്മാണ മേഖലയിലും ഗതാഗത മേഖലയിലും കാലാനുസൃതമായ പദാര്‍ത്ഥങ്ങള്‍ വികസിപ്പിക്കുന്നതിന് രസതന്ത്ര ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര ഗവേഷകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും മോര്‍ട്ടന്‍ പി മെല്‍ഡലുമായി സംവദിച്ചു.

Tags