കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്ര ഭരണത്തിലും 'ഇന്ത്യ' മുന്നണി : എം.എൽ. അശ്വിനി

ml aswini

കാസർഗോഡ്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മല്ലികാർജ്ജുന ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി കോൺഗ്രസ് നേതാക്കളെ നിയമിച്ചത് കേരളത്തിലും എല്ലാ മേഖലയിലും ഇന്ത്യാ മുന്നണി സഖ്യം രൂപീകരിക്കപ്പെട്ടതിൻ്റെ സൂചനയാണെന്ന് മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതിയംഗം അശ്വിനി എം.എൽ പറഞ്ഞു.  

കോൺഗ്രസിൻ്റെ അനുഭാവികളെയല്ല നേതാക്കളെ തന്നെയാണ് ട്രസ്റ്റിമാരായി നിയമിച്ചത്. കോൺഗ്രസ് നേതാക്കളുടെ നിയമനം ഉറപ്പാക്കാൻ സിപിഎം നേതാക്കൾ ട്രസ്റ്റി നിയമനത്തിനുള്ള അപേക്ഷ നൽകാതെ മാറി നിൽക്കുകയായിരുന്നു. ദേവസ്വത്തെ ഉപയോഗിച്ചും ക്ഷേത്ര ഭരണസമിതികളിൽ നുഴഞ്ഞു കയറിയും ക്ഷേത്ര ഭരണം പിടിക്കാൻ സിപിഎം നേരത്തെ തന്നെ തീരുമാനം എടുത്തിട്ടുള്ളതാണ്. 

എന്നാൽ സിപിഎമ്മിന് ശക്തി കുറഞ്ഞ കാസർഗോഡ് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളെ മുൻനിർത്തിയാണ് ക്ഷേത്രങ്ങളെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്. വിശ്വാസികൾ പണവും സമയവും ചെലവഴിച്ച് ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുമ്പോൾ അവ പിടിച്ചെടുക്കാൻ മാത്രമാണ് ദേവസ്വം ബോർഡ് ശുഷ്കാന്തി കാട്ടുന്നതെന്നും അതിന് കോൺഗ്രസും കൂട്ടുനിൽക്കുകയാണെന്നും ക്ഷേത്രഭരണത്തിലും രൂപീകരിക്കപ്പെട്ട ഈ അവിശുദ്ധ കൂട്ടുകെട്ടിനെ വിശ്വാസി സമൂഹം ജാഗ്രതയോടെ കാണണമെന്നും എം.എൽ. അശ്വിനി കൂട്ടിചേർത്തു.

Tags