എന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക്
mangotreemagic

പത്തനംതിട്ട : 'ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന  ജാലവിദ്യ'- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു. സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാംഗോ ട്രീ മാജിക് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കൗതുകമുണര്‍ത്തി.

മാജിക് കാണാന്‍ തടിച്ച് കൂടിയ ജനങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് വളര്‍ത്തി മാവ് ആക്കി മാങ്ങ പറിച്ചെടുത്ത് കാഴ്ചക്കാര്‍ക്ക് തന്നെ വിതരണം ചെയ്തത്.പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തെരുവ് മാജിക് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാജിക് ഷോ ആസ്വാദക ഹൃദയങ്ങളില്‍ അത്ഭുതവും അമ്പരപ്പും ഒരുപോലെ സൃഷ്ടിച്ചുവെന്നും അദ്ദേഹം ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും എംഎല്‍എ പറഞ്ഞു.അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജി. വിശാഖന്‍ വിശിഷ്ടാതിഥിയായിരുന്നു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, പ്രചാരണ സമിതി അംഗം സുമേഷ് ഐശ്വര്യ, അത്ലറ്റിക് കോച്ച് റോസമ്മ, വോളിബോള്‍ കോച്ച് തങ്കച്ചന്‍ പി. ജോസഫ്, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ഉഷ മാടമണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story