വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം : മലപ്പുറം ജില്ലാ പ്രവാസി പരാതി പരിഹാര സമിതി
മലപ്പുറം : വ്യാപകമാകുന്ന വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. സമിതിക്കു മുമ്പാകെ വന്ന നിരവധി പരാതികള്‍ വിസ തട്ടിപ്പുകളും പ്രവാസികള്‍ ഇരകളായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. പരാതികളില്‍ കുറ്റമറ്റരീതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മലയാളികളെ പോലെ പ്രബുദ്ധരായ സമൂഹത്തില്‍ പോലും വിസ തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന സാഹചര്യമുണ്ടാകുന്നത് ജാഗ്രതക്കുറവ് കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ വിസയുടെ ആധികാരികത ഉറപ്പാക്കാനും വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ തിരിച്ചറിയാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചിയിലെ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീജസുമായി ബന്ധപ്പെടാം. ഫോണ്‍- 0484 2315400, ഇ-മെയില്‍ poecochin@mea.gov.in. നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ലും വിദേശത്ത് നിന്ന് +91 8802012345 (മിസ്ഡ് കോള്‍ സേവനം) നമ്പറിലും സഹായങ്ങള്‍ക്ക് ബന്ധപ്പെടാം.
ജില്ലയില്‍ പ്രവാസി സഹകരണ സംഘങ്ങള്‍ ഇല്ലാത്ത ബ്ലോക്കുകളില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനും സ്വകാര്യ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനും വിവിധ പ്രവാസി സംഘടനകള്‍ യോഗത്തില്‍ സഹകരണം ഉറപ്പു നല്‍കി. ആകെ 11 പരാതികളാണ് യോഗത്തില്‍ പരിഗണിച്ചത്. എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പ്രവാസി ക്ഷേമ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ബഷീര്‍ എം, നോര്‍ക്ക മാനേജര്‍ രവീന്ദ്രന്‍ സി., സമിതി അംഗങ്ങളായ നാജിറ അഷ്‌റഫ്, വി.കെ റഊഫ്, ദിലീപ് ടി.പി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.