ജാതി സംവരണം: കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കണം : വെൽഫെയർ പാർട്ടി

google news
ssss

മലപ്പുറം: കേരളത്തിൽ ജാതി സെൻസസ് നടത്തുന്നതിനെക്കുറിച്ച് ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ഫ്രറ്റേണിറ്റി മുൻ അഖിലേന്ത്യാ പ്രസിഡണ്ടുമായ ശംസീർ ഇബ്‌റാഹീം ആവശ്യപ്പെട്ടു.  കേന്ദ്രതലത്തിൽ രൂപം കൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ജാതി സെൻസസ് നടത്തണമെന്ന നിലപാടെടുത്തിട്ടുണ്ടെങ്കിലും സഖ്യത്തിന്റെ ഭാഗമായ സിപിഎം ഭരിക്കുന്ന കേരളത്തിൽ ജാതി സെൻസസ് നടത്താൻ തയ്യാറാകുന്നില്ല. കോൺഗ്രസും മുസ്്‌ലിം ലീഗും കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നുമില്ല.  

ഒരു സമുദായത്തിലെ ആളുകൾക്ക് മാത്രം ഭൂരിഭാഗം മന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളും ലഭിക്കുന്നത് സാമൂഹ്യനീതിക്ക് കേരളത്തിലെ ഭരണത്തിൽ ഒരു വിലയും ഇല്ലെന്നതിന്റെയും സിപിഎമ്മിനെ പോലും ജാതീയ വിവേചന മനോഭാവം പിടികൂടിയിരിക്കുന്നുവെന്നതിന്റെയും തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര-സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങളുമായി വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡണ്ട് അഹ്‌മദ് ശരീഫ് മൊറയൂർ നയിച്ച പ്രക്ഷോഭ ജാഥയുടെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മിറ്റിയംഗം ഇ.സി. ആയിശ, ജില്ലാ ട്രഷറർ സെക്രട്ടറി നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു.  ജാഥാ ഡയരക്ടർ ശാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് കൺവീനർ പി.പി. മുഹമ്മദ് മാസ്റ്റർ സ്വാഗതവും കൺവീനർ കെ.എൻ. ജലീൽ നന്ദിയും പറഞ്ഞു.  

മലപ്പുറം നിയോജക മണ്ഡലത്തിൽ മൂന്ന് ദിവസം കൊണ്ട് പര്യടനം പൂർത്തിയാക്കിയ പ്രക്ഷോഭജാഥക്ക് നാൽപതോളം കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ പൊതുയോഗങ്ങളിൽ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളായ ഇ.സി. ആയിശ, നിസാർ കെ.എസ്., കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, ഇബ്റാഹിംകുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, രജിത മഞ്ചേരി, ശാക്കിർ മോങ്ങം, ഖാദർ അങ്ങാടിപ്പുറം, ഹസീന വഹാബ്, തസ്്‌ലീം മമ്പാട്, നൗഷാദ് ചുള്ളിയൻ, ശിഹാബ് അങ്ങാടിപ്പുറം, ഷഫീഖ് അഹ്‌മദ്, എം.എ. നാസർ, ഉസ്മാൻ ശരീഫ്, ബ്ലോക്ക് മെമ്പർ സുബൈദ വി.കെ., സദ്റുദ്ദീൻ എ, അഫ്സൽ ടി. തുടങ്ങിയവർ സംസാരിച്ചു.

Tags