പൊന്നാനി നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

fh

മലപ്പുറം :  പൊന്നാനി നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം പി. നന്ദകുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. ആരോഗ്യ മേഖലയിൽ മൂന്നു വർഷത്തിനിടയിൽ വൻമുന്നേറ്റം കാഴ്ചവക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ സർക്കാർ വലിയ ഊന്നൽ നൽകുന്നുണ്ട്. ഇനിയും മികച്ച ഇടപ്പെടൽ സാധ്യമാകാൻ കഴിയുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

നാടറിഞ്ഞ നഗരഭരണം മുന്നേറ്റത്തിന്റെ മൂന്നാം വർഷം എന്ന ടാഗ് ലൈനിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന വിവിധ ജനകീയ വികസനോത്സവ പരിപാടിയുടെ ഭാഗമായാണ് ചാണാ റോഡിൽ രണ്ടാമത്തെ വെൽനസ് സെന്റർ ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ കൺസൾട്ടേഷനുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് നഗരാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് പദ്ധതി വിശദീകരിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷീനാ സുദേശൻ, അജീന ജബ്ബാർ, ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ സ്വാഗതവും ജനകീയാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹിബ നന്ദിയും പറഞ്ഞു.

Tags