മലപ്പുറം ജില്ലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 11 കോടി രൂപയുടെ ഭരണാനുമതി

muhammad riyas
muhammad riyas


മലപ്പുറം :മലപ്പുറം ജില്ലയിലെ നാല് സുപ്രധാന റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ച് നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആകെ 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂർ- കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് അഞ്ചു കോടി രൂപയും കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ ചുങ്കം - മാങ്കടവ് - കുനിത്തലക്കടവ് ഒന്നര കിലോമീറ്റര്‍ റോഡിന് ഒന്നര കോടി രൂപയും വാവൂർ- ചെറിയപറമ്പ് 2.5 കി.മീ ജില്ലാ പഞ്ചായത്ത് റോഡിന് രണ്ടര കോടി രൂപയും മേലങ്ങാടി എയർപോര്‍ട്ട് 1.5 കി.മീ. റോഡിന് രണ്ടു കോടി രൂപയുമാണ് അനുവദിച്ചത്.

പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂർ, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂർ- കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീർഥാടകരും ടാങ്കർ, ട്രക്ക് ഡ്രൈവര്‍മാരും കൂടുതലായി ആശ്രയിക്കുന്നു. ഇതിന്റെ ആദ്യ 14 കിലോമീറ്റർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്റർ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതൽ 18 വരെയുള്ള മൂന്നു കിലോമീറ്റർ ഡിഎഫ്‌ഐപിക്കു കീഴിലും നവീകരിച്ചു. ഇതേ നിലവാരത്തില്‍ ഇനിയുള്ള മൂന്നു കിലോമീറ്ററും നവീകരിക്കും.

കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ ചുങ്കം - മാങ്കടവ് - കുനിത്തലക്കടവ് റോഡ് എട്ട്  മീറ്റർ വീതിയിലാണ് ബിഎംബിസി നിലവാരത്തില്‍ ഒന്നര കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്. വാവൂർ- ചെറിയപറമ്പ് ജില്ലാ പഞ്ചായത്ത് റോഡ് ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മികച്ച നിലവാരത്തില്‍ മറ്റൊരു റോഡുകൂടി സാധ്യമാകും. നവീകരണത്തിന് ഭരണാനുമതി നല്‍കിയ മേലങ്ങാടി- എയർപോര്‍ട്ട്  റോഡാകട്ടെ പരപ്പനങ്ങാടി അരീക്കോട് റോഡിനേയും കരിപ്പൂർ വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണ്. കൊണ്ടോട്ടിയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഈ റോഡിൽ തിരക്കേറുന്നത് പതിവാണ്. വിമാനത്താവളത്തിൽ അപകടങ്ങൾ ഉണ്ടായാൽ ഏറെ പ്രാധാന്യത്തോടെ ഉപയോഗിക്കപ്പെടുന്ന ഈ റോഡ് നിലവിൽ ചിപ്പിംഗ് കാർപ്പറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.
 

Tags