ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി മലപ്പുറം കളക്ടറേറ്റും പരിസരവും

google news
saf

മലപ്പുറം : കളക്ടറും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീൻ. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്‌കരണം ദിനചര്യയാക്കണമെന്നും ഓഫീസും പരിസരവും  വൃത്തിയാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു  ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവർത്തനമല്ല വരും ദിവസങ്ങളിലും പരിസര ശുചിത്വം നിലനിർത്തണമെന്നും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്നും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകി കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സിവിൽസ്റ്റേഷൻ പരിസരത്തെ കാട് വെട്ടിത്തെളിക്കൽ, മാലിന്യം നീക്കംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. കളക്ടറേറ്റിലെ പോസ്റ്ററുകളും നീക്കം ചെയ്തു. ചടങ്ങിൽ ഹരിത സഹായ സ്ഥാപനം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ സംഭാവന ചെയ്ത ബോട്ടിൽ ബൂത്ത് ജില്ലാ കളക്ടർക്ക് കൈമാറി.


സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.എം മെഹറലി, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, മഞ്ചേരി-മലപ്പുറം നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, മലപ്പുറം നഗരസഭാ ഹരിത കർമ്മസേന, കൂട്ടിലങ്ങാടി ,ഒതുക്കുങ്ങൽ, കോഡൂർ, മങ്കട, പൊന്മള എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മ സേന, മങ്കട ട്രോമാ കെയർ യൂണിറ്റ് അംഗങ്ങൾ, ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് പ്രതിനിധികൾ, ഗ്രീൻ വേമ്‌സ്, എസ്.ഇ.യു.എഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags