ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത് ഗുണപരമായ മാറ്റങ്ങൾക്കുള്ള പദ്ധതികൾ: മന്ത്രി ഡോ. ആർ. ബിന്ദു
mahatmagandhiuniversity

കോട്ടയം : ഉന്നത സാങ്കേതിക വിദ്യയും പുതിയ അറിവുകളും സ്വായത്തമാക്കിയ പുതുതലമുറ കൊണ്ടു വരുന്ന സൃഷ്ടിപരമായ ആശയങ്ങളെ ഉല്പാദന മേഖലയിലേക്ക് വഴി തിരിച്ചുവിട്ട് സമൂഹത്തിന്റെ പൊതുവായ പുരോഗതി ഉറപ്പു വരുത്തുന്നതിനുള്ള നയങ്ങളാണ് വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല ഇന്നൊവേഷൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച വിവിധ ഹബ്ബുകളുടെയും സർവകലാശാലയുടെ ഡിജിറ്റൽവത്കരിച്ച ടാബുലേഷൻ രജിസ്റ്ററുകൾ - ഡിജി ആർക്കൈവ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖല പരമ്പരാഗതമായ നയങ്ങളിൽ നിന്ന് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വിജ്ഞാന സമൂഹമെന്ന നിലയിൽ ഈ രംഗത്ത് ഒരു തരത്തിലുള്ള സ്തംഭനാവസ്ഥയും അനുവദിക്കാൻ കഴിയില്ല. ഇന്നൊവേഷൻ ഫൗണ്ടേഷൻ പോലുള്ള നൂതനങ്ങളായ പദ്ധതികൾ അഭ്യസ്തവിദ്യരായ യുവാക്കളെ തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് സംരംഭകരായും തൊഴിൽ ദാതാക്കളായും പരിവർത്തനം ചെയ്യാനുള്ളവയാണെന്നും മന്ത്രി പറഞ്ഞു.

ആശയ സമ്പന്നരായ ആർക്കും പദ്ധതികളുമായി മുന്നോട്ട് വരാൻ സഹായകമായ വിധത്തിലാണ് ഇത്തരം ഹബ്ബുകളെ രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും അവസരങ്ങൾ ഉറപ്പാക്കുക വഴി ദന്തഗോപുരങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മോചിപ്പിക്കുക എന്നതും സർക്കാർ ലക്ഷ്യമാണ്. പ്രതിഭാധനരായ ഗവേഷകർക്ക് നൽകിവരുന്ന ഒരു ലക്ഷം രൂപ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾ ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും ഡോ. ആർ. ബിന്ദു പറഞ്ഞു.

പഠനരംഗത്തെ ഉന്നതനിലവാരവും ഗുണമേന്മയും ഉറപ്പാക്കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാമിന് കീഴിൽ പുതുതായി സജ്ജീകരിച്ച ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.  

ഇന്നവേഷൻ ഫൗണ്ടേഷന് കീഴിലുള്ള ഹൈ- പെർഫോർമൻസ് കംപ്യൂട്ടിങ്ങ് ഇൻകുബേറ്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും ഓഡിയോ റെക്കാഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം സിൻഡിക്കേറ്റ് അംഗം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. എ. ജോസ്, ഡോ. റോബിനറ്റ് ജേക്കബ്, രജിസ്ട്രാർ പ്രൊഫ. ബി.  പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു.

റൂസ (ആർ.യു.എസ്.എ.) പദ്ധതിക്ക് കീഴിൽ 7.5 കോടി രൂപ ചെലവഴിച്ചാണ് ഇന്നൊവേഷൻ ഫൗണ്ടേഷൻ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ ഫെസിലിറ്റീസ് ആൻഡ് കരിയർ ഹബ്ബുകൾ സജ്ജീകരിച്ചിട്ടുള്ളത്. സർവകലാശാല പ്രവർത്തനമാരംഭിച്ച 1983 മുതലുള്ള ടാബുലേഷൻ രജിസ്റ്ററുകൾ സർക്കാർ പദ്ധതി വിഹിതത്തിൽ നിന്നും 1.43 കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽവത്ക്കരിച്ചാണ് ഡിജി-ആർക്കൈവ് പദ്ധതി നടപ്പാക്കിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നുള്ള 1.1 കോടി രൂപ ചെലവിലാണ് ക്രമീകരിച്ചിട്ടുള്ളത്.

Share this story