വിദ്യാഭ്യാസത്തിലെ നിര്‍മ്മിത ബുദ്ധി-ത്രികക്ഷി പങ്കാളിത്തവുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇല്യൂസിയ
കോഴിക്കോട്: വിദ്യാഭ്യാസത്തില്‍ നിര്‍മ്മിതബുദ്ധി ഏകോപിപ്പിച്ച് ഗുണമേډയും നിലവാരവുമുള്ള പാഠ്യപദ്ധതി സമൂഹത്തിലെ താഴെത്തട്ട് വരെയെത്തിക്കുന്നത് ലക്ഷ്യം വച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇല്യൂസിയ ലാബ് യുകെ ആസ്ഥാനമായുള്ള സൈബര്‍സ്ക്വയര്‍, ബംഗളുരു ആസ്ഥാനമായ ഹൈപ്പര്‍ക്വോഷ്യന്‍റ് എന്നിവരുമായി സഹകരണത്തില്‍ ഏര്‍പ്പെട്ടു. ഡല്‍ഹിയില്‍ നടന്ന രാജ്യത്തെ ഏറ്റവും വലിയ എഡ്യൂ ടെക് എക്സ്പോയായ ഡൈഡാക്കില്‍ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.
ലോകത്തെ ആദ്യ മെറ്റാവേഴ്സ് ക്ലാസ്റൂം കോഴിക്കോട് സര്‍ക്കാര്‍ ഹൈസ്കൂളില്‍ സ്ഥാപിച്ച കമ്പനിയാണ് ഇല്യൂസിയാ ലാബ്. ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ അധ്യയന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെറ്റാവേഴ്സ് ക്ലാസ്റൂം വികസിപ്പിച്ചെടുത്തത്. കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ കെഎസ്യുഎം കാമ്പസിലാണ് ഇല്യൂസിയ പ്രവര്‍ത്തിക്കുന്നത്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ ഈ സഹകരണം വഴി സാധിക്കുമെന്ന് ഇല്യൂസിയുടെ സ്ഥാപകനും സിഇഒയുമായ നൗഫല്‍ പി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ ശാക്തീകരണമാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനാല് വര്‍ഷമായി എഡ്യു-ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൈബര്‍സ്ക്വയര്‍. കമ്പനിയുടെ ലേണിംഗ് മാനേജ്മന്‍റ് സിസ്റ്റം വഴി രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്.വിദ്യാഭ്യാസ പ്രവൃത്തികളില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കമ്പനി കൂടിയാണിത്.
വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ രസകരമായ പഠനരീതികള്‍ മുന്നോട്ടു വയ്ക്കുന്ന കമ്പനിയാണ് ഹൈപ്പര്‍ക്വോഷ്യന്‍റ്. മിക്സഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മെറ്റാവേഴ്സ് സാങ്കേതികവിദ്യ തുടങ്ങിയവയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ ഇവരുമായുള്ള സഹകരണത്തോടെ പ്രതീക്ഷിക്കുന്നുണ്ട്.