ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് മർകസ് ഗേൾസ് സ്കൂൾ വിദ്യാർഥികൾ
കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങൾ നടക്കുന്ന മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദുരിതബാധിതർക്കായി സ്റ്റാളുകൾ ഒരുക്കി വിദ്യാർഥികൾ. വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂർ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തയ്യാർ ചെയ്ത വിഭവങ്ങളാണ് റീ ഫ്രഷ്മെന്റ് സ്റ്റാളുകളിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയിൽ ലഘു കടികളും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാർഥികൾ തയ്യാർ ചെയ്തിരിക്കുന്നത്. എൻ എസ് എസ്, സ്കൗട്ട്&ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവർത്തനം.