കോഴിക്കോട് കൊപ്ര ചേവിന് തീപിടിച്ചു
Sep 3, 2024, 20:09 IST
കോഴിക്കോട്: ചാത്തമംഗലം മലയമ്മയിൽ കൊപ്ര ചേവിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൊപ്ര ഉണക്കുന്നതിന് വേണ്ടി ചേവിനടിയിൽ തീയിട്ട സമയത്ത് കൊപ്ര ചേവിൻറെ തട്ടിലേക്കും കെട്ടിടത്തിൻറെ മേൽക്കൂരയിലേക്കും തീ ആളിപ്പടരുകയായിരുന്നു.
നാരകശ്ശേരി സ്വദേശി ജബ്ബാറിൻറെ ഉടമസ്ഥതയിലുള്ള കൊപ്ര ചേവിനാണ് തീ പിടിച്ചത്.അപകട വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ സ്‌റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയും ചെയ്‌തു.
തീപിടിത്തം ഉണ്ടായ സമയത്ത് ആറായിരത്തോളം കൊപ്ര ചേവിന് മുകളിൽ സൂക്ഷിച്ചിരുന്നു. ഇതിൽ പകുതിയിലധികം കത്തി നശിച്ചു. കൂടാതെ കെട്ടിടത്തിൻറെ മേൽക്കൂരയും കത്തി നശിച്ചിട്ടുണ്ട്.