8.68 കോടി രൂപയുടെ വികസന പദ്ധതികളുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് വികസന സെമിനാർ

ssss

കോട്ടയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2024 - 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനംചെയ്തു. 8.68 കോടി രൂപയുടെ പദ്ധതി രേഖ  പ്രകാശനവും എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായിരുന്നു.

ജനറൽ വിഭാഗത്തിൽ 3.73 കോടി രൂപയും എസ്.സി വിഭാഗത്തിൽ 2.21 കോടി രൂപയും പട്ടികവർഗ്ഗ വിഭാഗത്തിൽ 28.56 ലക്ഷം രൂപയും ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ 1.50 കോടി രൂപയും, റോഡിതരം മെയിന്റൻസ് ഗ്രാന്റ് ഇനത്തിൽ 94.25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 8.68 കോടി രൂപയുടെ പദ്ധതികളാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. ഉൽപ്പാദനമേഖലയ്ക്ക് 89.67 ലക്ഷം രൂപയും, പാർപ്പിടമേഖലയക്ക് 1.24 കോടി രൂപയും, വനിതാ ഘടകപദ്ധതിയ്ക്കായി 54.84 ലക്ഷം രൂപയും വയോജന ക്ഷേമം, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായി 27.42 ലക്ഷം രൂപയും, കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവരുടെ വികസനത്തിനായി 27.42 ലക്ഷം രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിൽ മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ സി.എച്ച്.സി.കളിൽ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, മറിയാമ്മ സണ്ണി, ശ്രീജാ ഷൈൻ, ജെയിംസ് പി. സൈമൺ, കെ.എസ്. മോഹനൻ, ബി.ഡി.ഒ, എസ്. ഫൈസൽ, ജോയിന്റ് ബി.ഡി.ഒ. ടി.ഇ സിയാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 

Tags