കെഎസ് യുഎമ്മിന്‍റെ ഐഇഡിസി ക്ലസ്റ്റര്‍ യോഗവും ലീപ് സെന്‍ററിന്‍റെ ഉദ്ഘാടനവും നടന്നു

IEDC cluster meeting of KS UM and inauguration of LEAP center was held
IEDC cluster meeting of KS UM and inauguration of LEAP center was held

കോട്ടയം: സംരംഭകകാംക്ഷികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ കെഎസ് യുഎമ്മിന്‍റെ ഐഇഡിസി(ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍) സമ്മിറ്റ് ഒമ്പതാം ലക്കത്തിന്‍റ മുന്നോടിയായി കോട്ടയം ജില്ലയിലെ ക്ലസ്റ്റര്‍ യോഗവും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ കെഎസ് യുഎം ലീപ് കൊവര്‍ക്കിംഗ് സ്പേസ് ഉദ്ഘാടനവും നടന്നു.

പൊതുജനങ്ങള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്  വാലി ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ കോ വര്‍ക്കിംഗ് സ്പേസിന്‍റെ ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ശ്രീ അനൂപ് അംബിക നിര്‍വഹിച്ചു. കെഎസ് യുഎമ്മിന്‍റെ അംഗീകാരത്തോടുകൂടി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ലീപ് സെന്‍റര്‍ ആണിത്.

ഐഇഡിസി സമ്മിറ്റിനു മുന്നോടിയായി കോട്ടയം ക്ലസ്റ്ററിന്‍റെ ഉദ്ഘാടനവും ഏകദിന സെമിനാറും ഇതിനോടനുബന്ധിച്ച് നടത്തി. കോട്ടയം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഇഡിസി കളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു. നവംബര്‍ 19 ന് കോഴിക്കോട് എന്‍ഐടി കാമ്പസിലാണ് ഐഇഡിസി സമ്മിറ്റ് നടക്കുന്നത്.

കെഎസ് യുഎം സിഇഒ അനൂപ് അംബിക, അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, അഡ്മിന്‍ ഡയറക്ടര്‍ ഫാ. റോയി എബ്രഹാം, സ്റ്റാര്‍ട്ടപ്പ്സ് വാലി ടിബിഐ സിഇഒ ഡോ. ഷെറിന്‍ സാം ജോസ്, കെഎസ് യുഎം അസി. മാനേജര്‍ ബെര്‍ജിന്‍ എസ് റസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്‍റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഓഫീസ് സ്പെയ്സ്, കോളേജില്‍ ലഭ്യമായ ഫാബ്രിക്കേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ സ്പേസ് ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. കോട്ടയം, പത്തനംതിട്ട, ഇടുക്കി  ജില്ലകളില്‍ നിന്നുള്ള വര്‍ക്ക്  ഫ്രം ഹോംഅടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും  സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. താത്പര്യമുള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വെബ്സൈറ്റിലൂടെയോ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെത്തി നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേതൃനിരയുമായി സംവദിക്കാനും സ്വന്തം കഴിവുകള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കും. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യവികസനം തുടങ്ങി വിവിധ മേഖലയില്‍ പരിചയം നേടാന്‍ ഐഇഡിസി സമ്മിറ്റിലൂടെ സാധിക്കും. വിദ്യാര്‍ത്ഥി ഇനോവേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, മികച്ച സ്റ്റാര്‍ട്ടപ്പുകള്‍, എന്നിവര്‍ക്കിടയില്‍ മികച്ച ബന്ധം വളര്‍ത്താന്‍ സമ്മിറ്റ് സഹായിക്കും. പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കനുസരിച്ച് വളര്‍ത്താനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

2016 മുതല്‍ സംസ്ഥാനത്തെ സംരംഭക കാംക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഐഇഡിസി സമ്മിറ്റ് ഉണ്ടാക്കുന്നുണ്ട്. എല്ലാ വര്‍ഷവും സര്‍ക്കാരിലെ പ്രമുഖര്‍, വിദ്യാഭ്യാസവിദഗ്ധര്‍, കോര്‍പറേറ്റുകള്‍, വ്യവസായികള്‍ എന്നിവര്‍ക്കൊപ്പം നിക്ഷേപകര്‍, വിദഗ്ധോപദേശകര്‍ എന്നിവരുടെ കൂട്ടായ്മയും ഐഇഡിസി സമ്മിറ്റിലൂടെ സാധ്യമാകുന്നു.

ഇനോവേഷന്‍, ബിസിനസ്, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംരംഭക സമൂഹത്തില്‍ കാലികമായ അബോധം വളര്‍ത്തിയെടുക്കാനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

Tags