മാലിന്യമുക്തം നവകേരളം; മഞ്ചാടിതുരുത്തും മുട്ടവും ഇനി ഈരാറ്റുപേട്ടയുടെ മലര്‍വാടി

dddd

കോട്ടയം: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. മഞ്ചാടിതുരുത്തില്‍ നടന്ന പരിപാടിയില്‍ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തുരുത്തില്‍ മിനി പാര്‍ക്ക്   നിര്‍മിക്കാനാണ് തീരുമാനമെന്നു അധ്യക്ഷ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടം സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് മഞ്ചാടിതുരുത്തിലും മുട്ടം കവലയിലും നിര്‍മാണം നടത്തുന്നത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയില്‍ ഷാദി മഹല്‍ ഓഡിറ്റോറിയത്തിനടുത്ത് ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള ഭാഗമാണ് മഞ്ചാടിതുരുത്തായി അറിയപ്പെടുന്നത്.

വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറിയ  പ്രദേശം മാലിന്യങ്ങളുടെ ദുര്‍ഗന്ധം നിറഞ്ഞ നിലയിലായിരുന്നു. മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂഞ്ഞാര്‍ എസ്.എം.വി സ്‌കൂള്‍, ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ്  സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി മഞ്ചാടിതുരുത്തിനെ മലര്‍വാടിയാക്കാന്‍ ഒരുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി എന്‍. എസ്. എസ് വോളണ്ടിയര്‍മാരും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് വൃത്തിയാക്കല്‍ ആരംഭിച്ചു. തുടര്‍ന്ന് ചാമ്പ, പേര തുടങ്ങിയവ നടുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്യും. നദിയുടെ തീരത്ത് മുളകള്‍ നട്ടുപിടിപ്പിക്കും. രാവിലെയും വൈകുന്നേരങ്ങളിലും  നഗരതിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിശ്രമിക്കാനുള്ള ഹരിതാഭ സ്ഥലമാറ്റുകയാണ് ലക്ഷ്യം.

മുട്ടം കവലയിലും സ്നേഹാരാമം പദ്ധതി പൂന്തോട്ടത്തിന്റെ നിര്‍മാണം തുടങ്ങി. മുട്ടം കവലയിലെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രത്തിന് സമീപം മൂന്നിലവ് സെന്റ് പോള്‍ സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ്  പൂന്തോട്ടം നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.ശുചീകരണ പരിപാടിയില്‍ നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍ ഖാദര്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീന്‍, നഗരസഭാംഗങ്ങളായ  സുനിത ഇസ്മായില്‍, പി.ആര്‍.എഫ് ഫൈസല്‍, മുസ്ലിം ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫൗസിയ ബീവി, എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫിസര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി രാജന്‍, ശുചിത്വ മിഷന്‍ പ്രതിനിധി അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.    

Tags