സ്ത്രീ-വയോജന-ഭിന്നശേഷി പദ്ധതികൾക്ക് ഊന്നൽ; ഏറ്റുമാനൂർ ബ്ലോക്കിന് 47.83 കോടിയുടെ ബജറ്റ്

sss

 
കോട്ടയം: സ്ത്രീ-വയോജന-ഭിന്നശേഷി പദ്ധതികൾക്ക് ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക ബജറ്റ്. 47.97 കോടി രൂപ വരവും 47.83 കോടി രൂപ ചെലവും 13.8 ലക്ഷം രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു അവതരിപ്പിച്ചത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു.

ലൈഫ് ഭവന നിർമാണ പദ്ധതിക്കായി 95.88 ലക്ഷം രൂപ വകയിരുത്തി. കുമരകം, അതിരമ്പുഴ സി.എച്ച്.സികളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാവുന്നതിനും അതിരമ്പുഴ സി.എച്ച്.സി യിൽ എക്‌സ്‌റേ സൗകര്യം ഒരുക്കുന്നതിനും ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകി. മൂന്ന് ആശുപത്രികളിലും സൗജന്യ മരുന്ന് വിതരണം മുടക്കമില്ലാതെ ഉറപ്പ് വരുത്തുന്നതിന് തുകവകയിരുത്തി. കോവിഡാനന്തര ശ്വാസകോശ സംബന്ധ രോഗ പരിപാലനത്തിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകി.

വ്യവസായ-വിപണന മേഖലകളിൽ ഏർപ്പെടുന്നതിന് തയാറുളള വനിതാഗ്രൂപ്പ് അംഗങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 12 ലക്ഷം രൂപ നീക്കിവച്ചു. തിരുവാർപ്പിൽ ആരംഭിക്കുന്ന വെൽനസ് സെന്ററിൽ വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നീക്കിവച്ചു.
സ്ത്രീകളിലെ സമഗ്ര കാൻസർ നിർണയത്തിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനായി 14 ലക്ഷം രൂപയും കിടപ്പു രോഗികളെ അവരുടെ ഭവനങ്ങളിൽ ചെന്ന് ശുശ്രൂഷിക്കുന്നതിനായി പാലിയേറ്റീവ് കെയറിന് അഞ്ചു ലക്ഷവും വകയിരുത്തി.

അയനം - ഒളശ്ശ അന്ധവിദ്യാലയത്തിന് മൈതാനം നിർമിക്കാൻ അഞ്ച് ലക്ഷം രൂപ നീക്കിവച്ചു. ബ്ലോക്ക് പഞ്ചായത്ത് ബാലസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ അങ്കണവാടികൾ നവീകരിക്കുന്നതിനും കിഡ്സ് പാർക്ക് സ്ഥാപിക്കുന്നതിനും ചുമർചിത്രങ്ങൾ സ്ഥാപിക്കുന്നതിനും ബേബി ഫ്രണ്ട്ലി ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനും 25 ലക്ഷം രൂപ വകയിരുത്തി. അങ്കണവാടികൾക്ക് പുതിയ കെട്ടിടനിർമാണവും അങ്കണവാടികളിലും സ്‌കൂളുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യൂരിഫയർ നൽകുന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

കാർഷിക മേഖലയിൽ പാടശേഖരങ്ങളുടെ ബണ്ട് നിർമാണത്തിനായി 40.5 ലക്ഷവും ആക്സിയൽ ഫ്‌ളോ പമ്പ് സെറ്റ് സ്ഥാപിക്കാൻ 11.5 ലക്ഷവും വകയിരുത്തി. നെൽവിത്ത് സബ്സിഡിക്കായി 10 ലക്ഷവും ക്ഷീരമേഖലയിൽ കാലിത്തീറ്റ, ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 22 ലക്ഷവും നീക്കിവച്ചു. ടൂറിസം മേഖല ശക്തിപ്പെടുത്താനായി ബ്ലോക്ക് പരിധിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ച് ബൃഹത്തായ ഒരു വീഡിയോ ചിത്രീകരണത്തിനും ടൂറിസ്റ്റ് ഗൈഡാവാൻ തയാറുള്ള അഭ്യസ്തവിദ്യരായ പെൺകുട്ടികൾക്ക് ഭാഷാ പരിശീലനം നൽകുന്ന പദ്ധതിയും ബജറ്റിൽ ഇടം നേടി. വിവിധ പഞ്ചായത്തുകളിലായി റോഡ് നിർമാണം,വിവിധ കുടിവെള്ള പദ്ധതികൾക്ക് അധിക സൗകര്യങ്ങൾ, ജലസേചന/മണ്ണ് സംരക്ഷണ പ്രവർത്തികൾ, വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ, വോൾട്ടേജ് അഭിവ്യദ്ധിപ്പെടുത്തൽ തുടങ്ങിയവക്കെല്ലാം ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags