കുട്ടികൾക്കിണങ്ങിയ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്ത് ബാല പാർലമെന്റ്

sss

കോട്ടയം: കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം, ബാലവേല, ശൈശവ വിവാഹം, ബാല പീഡനം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഗൗരവ ചർച്ചയ്ക്കു വേദിയായി 'കുട്ടികൾക്കിണങ്ങിയ ഇന്ത്യ' ബാലപാർലമെന്റ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നാൽ കുട്ടികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഇന്ത്യയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കുട്ടികൾക്ക് പാർലമെന്റ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും അവരുടെ അവകാശങ്ങളേക്കുറിച്ചു ബോധവാന്മാരാക്കുകയുമാണ് ബാലപാർലമെന്റിന്റെ ലക്ഷ്യം.പ്രസിഡന്റ് ദേവിക പ്രദീപിന്റെ അഭിസംബോധനയോടെയാണ് പാർലമെന്റ് ആരംഭിച്ചത്. നികേഷ് മനോജ് സ്പീക്കറായി. നന്ദിപ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് സമീര വിജയൻ 'കുട്ടികൾക്കിണങ്ങിയ ഇന്ത്യ' പ്രമേയം അവതരിപ്പിച്ചു. സഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു.  പ്രധാനമന്ത്രി ശ്രീജിത്ത് കെ. സോമൻ ചർച്ചയ്ക്ക് മറുപടി നൽകി.

35 കുട്ടികൾ ഭരണ-പ്രതിപക്ഷ അംഗങ്ങളായും 200 പേർ സഭാംഗങ്ങളായും ബാലപാർലമെന്റിൽ എത്തി. പരിപാടിയിൽ വൈഷ്ണവി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രസിഡന്റ് ആർ.എ.എൻ. റെഡ്ഡിയാർ, ട്രഷറർ ടി. ശശികുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫ്ളോറി മാത്യു, പി.എ. പ്രദീപ്, എ. പത്രോസ്, സംഘാടക സമിതി അംഗം ഒ.ആർ. പ്രദീപ് കുമാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Tags