ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്ക് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
കോട്ടയം: 80 കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും നിർമാണ ഉദ്ഘാടനം ഉടൻ നടത്തുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യകേന്ദ്രപ്രഖ്യാപനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ മാസം അവസാനത്തോടു കൂടി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതമായ 35 ലക്ഷം രൂപയും ദേശീയ ആരോഗ്യദൗത്യം വിഹിതമായ ഒരു കോടി 10 ലക്ഷം രൂപയും ചേർത്ത് ഒരു കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ നിർമാണം.
ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, മഞ്ജു സുജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിൻ തലക്കുളം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി തോമസ്, ലാലിമ്മ ടോമി, ശശികുമാർ തത്തനപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വർഗീസ് ആന്റണി, മാത്തുക്കുട്ടി പ്ലാത്താനം, ലൈസാമ്മ ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ. സാലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.