കളക്ടർക്ക് സ്‌നേഹസമ്മാനം കൈമാറി അനുഗ്രഹ്

google news
ssss

കോട്ടയം: കളക്ടർ വി. വിഗ്‌നേശ്വരിക്ക് സ്‌നേഹസമ്മാനം കൈമാറി അനുഗ്രഹ് എസ്. കളരിക്കൽ. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ സംഘടിപ്പിച്ച 'ഈ ഓണം വരുംതലമുറയ്ക്ക്' ആശംസ കാർഡ് ജില്ലാതല മത്സരത്തിൽ (യു.പി. സ്‌കൂൾ വിഭാഗം) ഒന്നാം സമ്മാന നേടിയ അനുഗ്രഹ് അവാർഡ് വാങ്ങുന്നതിനായി കളക്ടറേറ്റിൽ എത്തിയപ്പോഴാണ് കളക്ടറെ നേരിൽ കണ്ടു സമ്മാനം കൈമാറിയത്. ചിരട്ട, പിസ്തയുടെ തൊണ്ട് എന്നിവക്കൊണ്ട് നിർമിച്ച കുഞ്ഞുടുപ്പിന്റെ മാതൃകയിലുള്ള അലങ്കാരവസ്തുവാണ് കളക്ടർക്ക് സമ്മാനിച്ചത്. അനുഗ്രഹിനെ കളക്ടർ അഭിനന്ദിച്ചു.

പാലാ കാർമ്മൽ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അനുഗ്രഹ്. പ്രകൃതിദത്ത വസ്തുക്കൾക്കൊണ്ട് അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിനോടൊപ്പം ബോട്ടിൽ ആർട്ട്, സംഗീതം, നീന്തൽ എന്നിവയിലും അനുഗ്രഹ് മുന്നിട്ടു നിൽക്കുന്നു. പാലാ മുത്തോലി ശ്രീകുമാർ കളരിക്കൽ-ആശ ശ്രീകുമാർ ദമ്പതികളുടെ മകളാണ്.

Tags