മഴക്കാല-പകര്‍ച്ചരോഗ പ്രതിരോധം : പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് കൊല്ലം ജില്ലാ കലക്ടര്‍

sss

കൊല്ലം : ജില്ലയിലെ  മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മണ്‍സൂണ്‍ മുന്നൊരുക്കം, ഉഷ്ണതരംഗം  വിഷയങ്ങളുമായി ബന്ധപ്പെട്ട്  തദ്ദേശസ്ഥാപനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വിലയിരുത്തി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 73 തദ്ദേശസ്ഥാപനങ്ങളുടേയും, ആരോഗ്യ വകുപ്പിന്റേയും സംയുക്തയോഗമാണ് ചേര്‍ന്നത്.

സ്വീകരിക്കേണ്ട ദുരന്തലഘൂകരണ/പ്രതിരോധ/മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വരള്‍ച്ച രൂക്ഷമായ എല്ലാപ്രദേശങ്ങളിലും കുടിവെള്ളവിതരണം  കൃത്യമായിനടത്തണം. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും, ആദിവാസി-തീരദേശ മേഖലയിലും കുടിവെള്ളം ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലുത്തിയാണ് കുടിവെള്ള ലഭ്യതസാധ്യമാക്കേണ്ടത്.  
മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍നല്‍കി മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തണം.  പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആവശ്യമായ  നടപടികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കി.  പൊതുവിലുള്ള പ്രവര്‍ത്തനം തൃപ്തികരമെന്നും വിലയിരുത്തി.

ഡെങ്കിപനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയാകും രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍.വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഇന്റര്‍സെക്ടറല്‍ മീറ്റിംഗ് ചേര്‍ന്ന് അതത് ഇടങ്ങളിലെ രോഗപ്രതിരോധ നടപടികള്‍ വിലിയിരുത്തുകയും പിന്തുണ നല്‍കുകയും ചെയ്യും.  കുടുംബശ്രീ അംഗങ്ങള്‍ ഉറവിടനശീകരണമാതൃക നടപ്പിലാക്കി മറ്റുള്ളവരെയും പ്രേരിപ്പിക്കണം. ഇതിന്റെ അവലോകനം നടത്തി കൃത്യത ഉറപ്പാക്കും. വാര്‍ഡ്തല സമ്പൂര്‍ണ ഉറവിടനശീകരണം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. കുടുംബശ്രീയുടെ സഹകരണം വിനിയോഗിച്ചാണ് പരിപാടികള്‍ നടത്തുക.  

ഇതരസംഘടനകളുടെയും പിന്തുണതേടും. തൊഴിലുറപ്പ് തൊഴാലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ ഇടപെടലും പ്രയോജനപ്പെടുത്തും.  മാലിന്യ കൂമ്പാരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും നടപടിയുണ്ടാകും. ഡെങ്കിപ്പനി കണ്ടെത്തിയാല്‍ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കേണ്ടത് എന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഡി സാജു, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു എം എസ്, ഡിസ്ട്രിക്ട് സര്‍വ്വലയിന്‍സ് ഓഫീസര്‍    എച്ച്. വീണാസരോജി, ആര്‍. ശരത്‌രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags