കൊല്ലം ടെക്നോപാര്‍ക്കില്‍ ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനി ഓഫീസ് തുറന്നു

First public limited company office opened at Kollam Technopark
First public limited company office opened at Kollam Technopark

കൊല്ലം: കൊല്ലം ടെക്നോപാര്‍ക്കില്‍ (ടെക്നോപാര്‍ക്ക് ഫേസ്-5) പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ബിസ് ഡാറ്റടെക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്. ബിസിനസ് വളര്‍ച്ചയ്ക്കുള്ള ആധുനിക പരിഹാരങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനിയാണിത്.

ടെക്നോപാര്‍ക്ക് കൊല്ലം അസിസ്റ്റന്‍റ് ഓഫീസര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍) ജയന്തി ആറിന്‍റെ സാന്നിധ്യത്തിലാണ് ഓഫീസ് തുറന്നത്. കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ് വെയര്‍ വികസനം, വെബ് ഡിസൈന്‍, മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ് എന്നിവയിലെ സേവനം ബിസ് ഡാറ്റടെക്  കണ്‍സള്‍ട്ടന്‍സി വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ ആദ്യത്തെ കായല്‍തീര ഐടി കാമ്പസ് എന്നറിയപ്പെടുന്ന കൊല്ലം ടെക്നോപാര്‍ക്കിലെ അഷ്ടമുടി കെട്ടിടത്തിലാണ് ബിസ് ഡാറ്റടെക്  കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ്. കൊല്ലം കുണ്ടറയില്‍ പ്രകൃതിരമണീയമായ അഷ്ടമുടിക്കായലിന് സമീപമാണ് ടെക്നോപാര്‍ക്ക് ഫേസ്-5 സ്ഥിതി ചെയ്യുന്നത്.
 
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 'അഷ്ടമുടി' എന്ന ലീഡ് ഗോള്‍ഡ് സാക്ഷ്യപ്പെടുത്തിയ കെട്ടിടമാണ് കൊല്ലം ടെക്നോപാര്‍ക്കില്‍ ഉള്ളത്. ഏകദേശം 400 ജീവനക്കാരുള്ള 17 ഐടി, ഐടി ഇതര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
 

Tags