മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

google news
gfk

കൊല്ലം :  2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കാന്‍ ജാഗ്രതാ പൂര്‍വമായ പ്രവര്‍ത്തനം നടത്തണമെന്നും   ദിശയുടെ ചെയര്‍മാനായ എന്‍ കെ പ്രേമചന്ദ്രന്‍. എം പി ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഡിസ്ട്രിക്റ്റ് ഡവലപ്പ്‌മെന്റ് കോ ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് (ദിശ)യുടെ  മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊല്ലം ജില്ലയ്ക്ക് അര്‍ഹമായ മെറ്റീരിയല്‍ കമ്പോണന്റ് പൂര്‍ണമായും വാങ്ങിയെടുക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

നാഷണല്‍ ഫാമിലി ബെനിഫിറ്റ്  സ്‌കീം പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക സമയബന്ധിതമായി ലഭ്യമാക്കുവാന്‍ സത്വര    നടപടി സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്      ആവശ്യപ്പെടുവാന്‍ യോഗം തീരുമാനിച്ചു.

അങ്കണവാടി പ്രവര്‍ത്തകര്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുവാനും   പ്രധാനമന്ത്രി സഡക് യോജന പ്രകാരം നടക്കുന്ന റോഡ് പണികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും തീരുമാനിച്ചു.
സുനാമി കോളനികളുള്‍പ്പെടെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുവാന്‍ ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി    നടപടികള്‍ സ്വീകരിക്കും.

 ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അഭിനന്ദിച്ചു.യോഗത്തില്‍ ജില്ലാ കലക്ടര്‍   എന്‍ ദേവിദാസ,് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം പി സജീവ്, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് കുമാര്‍, പ്രോജക്ട് ഡയറക്ടര്‍ ബി ശ്രീബാഷ് വിവിധ വകുപ്പുകളിലെ  മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags