വളര്‍ത്തു നായ്ക്കളെ തിരിച്ചറിയാന്‍ മൈക്രോചിപ്പ്

Microchip to identify pet dogs
Microchip to identify pet dogs

കൊല്ലം നഗരസഭാപരിധിയിലെ വളര്‍ത്തു നായ്ക്കള്‍ക്ക് തിരിച്ചറിയലിനായി മൈക്രോചിപ്പിങ് സംവിധാനം നിലവില്‍ വന്നു. കൊല്ലം നഗരസഭ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ലൈസന്‍സ് നല്‍കി നായ വളര്‍ത്തല്‍ വ്യവസ്ഥാപിതമാക്കാനുള്ള പദ്ധതിക്കും കൊല്ലം നഗരസഭയില്‍ തുടക്കമായി. വളര്‍ത്തു നായകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും ഇത് സഹായകമാകുമെന്ന് മേയര്‍ പറഞ്ഞു.

നായ്ക്കളെ വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകാനും കെന്നല്‍ പ്രദര്‍ശനങ്ങളില്‍ പങ്കെടുപ്പിക്കാനും മൈക്രോചിപ്പിങ് സഹായകമാകും. വളര്‍ത്തുനായ്കളെ പ്രായാന്ത്യത്തില്‍ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതകള്‍ ഒഴിവാക്കാനും മൈക്രോചിപ്പിംഗ് സംവിധാനം ഉപകരിക്കും.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന സംവിധാനമാണ് മൈക്രോചിപ്പിങില്‍ ഉപയോഗപ്പെടുത്തുന്നത്.

നെല്‍മണിക്ക് സമാനമായ ചിപ്പ് നായ്ക്കളുടെ തോള്‍ഭാഗത്ത് പ്രത്യേക ഉപകരണം വഴി ഘടിപ്പിക്കും. പുറത്തുനിന്ന് സ്‌കാനര്‍ വഴി നായ്ക്കളുടെ പേരും ജനുസ്സും ഇനവും നിറവും ഉടമകളെയും മറ്റും മനസ്സിലാക്കാന്‍ കഴിയുന്നതാണ് മൈക്രോചിപ്പിംഗ് സംവിധാനം. കേരളത്തിലെ വന്‍ നഗരങ്ങളില്‍ ഉള്ളതുപോലെ കൊല്ലം നഗരസഭയില്‍ ഇതാദ്യമായാണ് ചിപ്പിങ് സംവിധാനം നിലവില്‍ വരുന്നത്.

Microchip to identify pet dogs

250 രൂപ അടച്ച് നഗരസഭയിലെ മൃഗാശുപത്രികളില്‍ മൈക്രോചിപ്പിംഗ് നടത്താം. ഇതിനായുള്ള പരിശീലനം വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. നായ്ക്കള്‍ക്ക് പേവിഷപ്രതിരോധത്തിന് കുത്തിവയ്പ് നല്‍കിയതിനുശേഷമാണ് നഗരസഭ ലൈസന്‍സ് നല്‍കുന്നത്. നഗരസഭയിലെ മങ്ങാട്, പുന്തലത്താഴം, ശക്തികുളങ്ങര, ഇരവിപുരം, അഞ്ചാലുംമൂട്  എന്നീ മൃഗാശുപത്രികളിലും തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും നായ്ക്കള്‍ക്ക് മൈക്രോ ചിപ്പിംഗ് നടത്താം.

ലൈസന്‍സ് ഇല്ലാത്ത നായ്ക്കള്‍ ഇനിമുതല്‍ തെരുവ് നായ്ക്കളായി കണക്കാക്കപ്പെടും. കൊല്ലം നഗരസഭയില്‍ 7733 വളര്‍ത്തുനായ്ക്കളുണ്ട്. ഘട്ടം ഘട്ടമായി ഇവയെ മൈക്രോചിപ്പിംഗിനു വിധേയമാക്കും.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ യു.പവിത്ര, എസ്. ജയന്‍, സജീവ് സോമന്‍, എസ് സവിത ദേവി, സുജാ കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഹണി ബഞ്ചമിന്‍, ജോര്‍ജ് ഡി. കാട്ടില്‍, ടി.ജി ഗിരീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍ കുമാര്‍, കൊല്ലം നഗരസഭാ വെറ്ററിനറി സര്‍ജന്‍ ഡോ. ചിഞ്ചു ബോസ്, ഡോ. കിരണ്‍ ബാബു, ഡോ. സേതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags